കോഴിക്കോട്: വടകരയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി കെ.കെ.ശൈലജക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി വിവാദത്തിലായ ആര്‍എംപിഐ നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം തേഞ്ഞിപ്പലം ഒലിപ്രം കടവിലെ വീടിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ഞായറാഴ്ച രാത്രി 8.15നായിരുന്നു സംഭവം. വീടിന്റെ ചുറ്റുമതിലില്‍ തട്ടി പൊട്ടിയതിനാല്‍ അപകടം ഒഴിവായി. വൈകീട്ട് മുതല്‍ ഒരു സംഘം വീടിന്റെ പരിസരത്ത് റോന്തുചുറ്റുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നു ഹരിഹരന് വെളിപ്പെടുത്തി.
വടകരയില്‍ ശനിയാഴ്ച നടന്ന ‘സിപിഎം വര്‍ഗീയതക്കെതിരെ നാടൊരുമിക്കണം’ ജനകീയ പ്രതിഷേധത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു കെ.കെ.ശൈലജക്കും നടി മഞ്ജു വാര്യര്‍ക്കുമെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
പ്രസംഗം വിവാദമാവുകയും ആര്‍എംപിഐ നേതാവ് കെ.കെ രമ ഉള്‍പ്പെടെയുള്ളവര്‍ തള്ളിപ്പറയുകയും ചെയ്തതോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.എസ്. ഹരിഹരന് ഖേദപ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീടിനു നേരെ അക്രമം നടന്നിരിക്കുന്നത്.