കോഴിക്കോട്: ചൂട് അസഹ്യമായതോടെ വളര്‍ത്തുമൃഗങ്ങളും പരിഭ്രാന്തിയിലാണ്. സൂര്യാഘാതമേറ്റ് 33 കാലികളാണ് അടുത്തിടെ ജില്ലയില്‍ ചത്തത്. മൃഗസംരക്ഷണ വകുപ്പ് വേനല്‍ചൂടില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതോടെ അവ നടപ്പാക്കി തങ്ങളുടെ പശുക്കള്‍ക്ക് ആശ്വാസത്തിന്റെ കുളിര് പകരുകയാണ് ജില്ലയിലെ ക്ഷീരകര്‍ഷകര്‍.
ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ എസ്റ്റേറ്റ് മുക്കിനടുത്ത് താമസിക്കുന്ന സഫീര്‍ യു കെ പാരമ്പര്യമായി പശു വളര്‍ത്തലില്‍ ഏര്‍പ്പെട്ടയാളാണ്. 14 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഫീറിന് 10 പശുക്കള്‍ ഉണ്ട്. കൂടെപ്പിറപ്പുകളെ പോലെ തന്റെ പശുക്കളെ പരിപാലിക്കുന്ന സഫീര്‍ തൊഴുത്തില്‍ രണ്ട് ഫാനുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
‘മരങ്ങളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് പൊതുവെ ചൂടു കുറവാണ്. എന്നാലും കനത്ത ചൂട് പശുക്കളെ ബാധിക്കുന്നുണ്ട്. ഒരു രക്ഷ എന്ന നിലയ്ക്കാന്‍ ഫാനുകള്‍ സ്ഥാപിച്ചത്. ചൂടായതിനാല്‍ ഒരു പശുവില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ലിറ്റര്‍ വരെ പാലിന്റെ അളവില്‍ ലഭ്യത കുറവുണ്ട്,’ അദ്ദേഹം പറഞ്ഞു.
സഫീറിന്റെ വീട്ടാവശ്യത്തിന് വേണ്ടിയുള്ള ഗ്യാസ് തൊഴുത്തില്‍ നിന്നുള്ള ബയോഗ്യാസിലൂടെയാണ് ലഭിക്കുന്നത്.
ബാലുശ്ശേരിക്ക് സമീപം വട്ടോളിയിലെ സ്വകാര്യ ഫാമിന്റെ ഉടമയായ ഷാജിതയ്ക്ക് 18 പശുക്കളുണ്ട്. ആറ് ഫാനുകളാണ് ഇവിടെ പശുക്കള്‍ക്ക് ഇളംകാറ്റ് നല്‍കുന്നത്. അകത്തെ മേല്‍ക്കൂര പനയോല വെച്ച് കെട്ടിയതിനാല്‍ ചൂടിന് കുറവുണ്ട്. വേനല്‍ ചൂടില്‍ 135 ലിറ്ററില്‍ നിന്നും 110 ലിറ്ററിലേക്ക് പാല് കുറഞ്ഞതായി അവര്‍ പറയുന്നു.
‘ചൂടുകാലത്ത് പശുക്കളില്‍ പ്രത്യേക തരത്തിലുള്ള കിതപ്പ് ഉണ്ടാകാറുണ്ട്. ഇതില്‍നിന്നുള്ള പ്രതിരോധ മാര്‍ഗം എന്ന രീതിയില്‍ ഇവയെ ഇടയ്ക്കിടെ വെള്ളം നനയ്ക്കുന്നു,’ ഷാജിത പറഞ്ഞു.
ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയ വ്യക്തിയാണ് മേപ്പയ്യൂര്‍ വിളയാട്ടൂരിലെ എം സുരേന്ദ്രന്. 1996 മുതല്‍ ചെറിയ രീതിയില്‍ പശുവളര്‍ത്തലില്‍ ഏര്‍പ്പെട്ട അദ്ദേഹത്തിന് ഇപ്പോള്‍ എട്ട് പശുക്കളുണ്ട്. തൊഴുത്തിലെ പശുക്കള്‍ക്ക് ഫാനും മ്യൂസിക് ബോക്സും സുരേന്ദ്രന് സ്ഥാപിച്ചിട്ടുണ്ട്. ഒരിക്കല്‍ മിന്നല്‍ ബാധിച്ചതിനെ തുടര്‍ന്ന് മ്യൂസിക് സിസ്റ്റം ഒഴിവാക്കേണ്ടി വന്നെങ്കിലും ഫാന്‍ പശുക്കള്‍ക്കായി നിര്‍ത്താതെ കറങ്ങുന്നു.
തൊഴുത്തില്‍ പശുക്കളെ പൊതിയുന്ന കൊതുകിനെ തുരത്താനും ഫാന്‍ ഉപകരിക്കുന്നു. കത്തുന്ന ചൂടില്‍ പശുക്കളുടെ വായില്‍ നിന്ന് നുരയും പതയും വരല്, കിതപ്പ് എന്നിവ അനുഭവപ്പെടുന്നതിനാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ദിവസവും മൂന്ന് നേരം കാലികളെ കുളിപ്പിക്കുന്നുണ്ട്.
ചൂടിനെ ക്രമീകരിക്കാന്‍ തൊഴുത്തില്‍ നല്ല വായു സഞ്ചാരം ലഭ്യമാക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എ ജെ ജോയ് നിര്‍ദ്ദേശിക്കുന്നു. ‘തൊഴുത്തിന്റെ മേല്‍ക്കൂരയുടെ ഉയരം കൂട്ടുകയും ഭിത്തിയുടെ ഉയരം കുറയ്ക്കുകയും വേണം. തൊഴുത്തില്‍ ഫാനുകള്‍ നിര്‍ബന്ധമാക്കുക, മേല്‍ക്കൂരയില്‍ ജൈവപന്തല്‍ ആയ കോവയ്ക്ക, ഫാഷന്‍ ഫ്രൂട്ട് എന്നിവ പടര്‍ത്തുക തുടങ്ങിയ നടപടികളും ചൂടിന് ശമനം വരുത്തും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.