വടകര: എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റതിന് പിന്നില്‍ ഭീഷണിയും പ്രകോപനവുമാണെന്ന് പ്രതി ജിനീഷിന്റെ മൊഴി. അഞ്ചുതവണയാണ് കീര്‍ത്തനയ്ക്ക്
കുത്തേറ്റത്. ഇതില്‍ കഴുത്തിലേറ്റ മുറിവ് ആഴത്തിലുള്ളതാണെന്ന് കോഴിക്കോട്മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ശനിയാഴ്ച വടകര പൊലിസ് സ്റ്റേഷന് വളപ്പിലാണ് കീര്‍ത്തനയെ പങ്കാളിയായ ജിനീഷ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. എംഡിഎംഎ കേസിലെ ജാമ്യവ്യവസ്ഥകളുടെ ഭാഗമായി പൊലിസ് സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ കീര്‍ത്തനയെ
പൊലിസ് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജിനീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു.
മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ജിനീഷിന്റെ മൊഴി. ബിആര്‍സി അധ്യാപികയായ കീര്‍ത്തനയും ജിനീഷും രണ്ടുവര്‍ഷമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇരുവരും തമ്മില്‍ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. കീര്‍ത്തനയുടെ ചില സൗഹൃദങ്ങളില്‍ ജിനീഷിന്
എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് മൊഴിയില്‍ പറയുന്നത്. ചില ഇൻസ്റ്റഗ്രാം പോസ്റ്റുകളും സുഹൃത്തുക്കളിൽ നിന്നുണ്ടായതായി പറയുന്ന ഭീഷണികളും ജിനീഷിനെ പ്രകോപിപ്പിച്ചെന്നും പൊലിസ് പറയുന്നു. തുടർന്നാണ് കീർത്തനയെ ആക്രമിക്കാൻ തീരുമാനിച്ചതെന്നാണ് ജിനീഷ് മൊഴി നൽകിയിരിക്കുന്നത്. ആക്രമണത്തിനായി ഒരാഴ്ച മുമ്പ് കത്തി വാങ്ങിയിരുന്നുവെന്നും മൊഴിയിലുണ്ട്. സംഭവത്തിൽ പൊലിസ് അന്വേഷണം തുടരുകയാണ്.
















