വടകര: കേരളത്തിന്റെ സാമ്പത്തിക സാമൂഹിക ജീവിതത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന്
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സഹകരണ പ്രസ്ഥാനം കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണെന്നും അതിന്റെ വിശ്വാസ്യതയും ജനകീയ അടിത്തറയും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് സഹകാരികളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. കടത്തനാട് പ്രവാസി വെല്‍ഫെയര്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാപ്‌കോസ്) ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയും കേരളത്തിന്റെ വികസനത്തില്‍ അത് വഹിക്കുന്ന പങ്കും വര്‍ത്തമാനകാല സാഹചര്യങ്ങളും മന്ത്രി വിശദമായി പ്രതിപാദിച്ചു. ജനങ്ങളുടെ വിശ്വാസമാണ് സഹകരണ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ മൂലധനം. ആ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനായി സുതാര്യതയും ഉത്തരവാദിത്വവും കാര്യക്ഷമതയും ഉറപ്പാക്കാന്‍ സഹകാരികളും സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്താനുള്ള ഏത് ശ്രമത്തെയും കൂട്ടായി ചെറുക്കേണ്ടതുണ്ട്. സാധാരണക്കാരുടെ ജീവിതത്തോടും സാമ്പത്തിക സുരക്ഷയോടും ഏറ്റവും അടുത്തുനില്‍ക്കുന്ന പ്രസ്ഥാനമാണ് സഹകരണ മേഖലയെന്നും അതിനാല്‍ സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രതയും ജനകീയ സമീപനവും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം, വിവിധ തരത്തിലുള്ള തട്ടിപ്പ് സംഘങ്ങളുടെ
കെണിയില്‍പ്പെട്ട് സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്ന സാഹചര്യം ദിനംപ്രതി വര്‍ധിച്ചുവരുന്നതായും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. വാഗ്ദാനങ്ങളിലും പ്രലോഭനങ്ങളിലും വീണ് ജീവിതകാലത്തെ സമ്പാദ്യം നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്. തട്ടിപ്പ് സംഘങ്ങളെ നിയന്ത്രിക്കുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും സര്‍ക്കാര്‍ അതിശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ പണവും സമ്പത്തും സംരക്ഷിക്കുന്നതിനും സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 14 വര്‍ഷമായി വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാപ്‌കോസ്, പ്രവാസികളുടെയും കുടുംബങ്ങളുടെയും ക്ഷേമം ലക്ഷ്യമാക്കി സഹകരണ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ചടങ്ങില്‍ അഭിപ്രായപ്പെട്ടു. പുതിയ ഹെഡ് ഓഫീസ് കെട്ടിടം സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും ജനങ്ങളിലേക്ക് കൂടുതല്‍ സേവനങ്ങള്‍ എത്തിക്കുന്നതിനും സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കാപ്‌കോസ് പ്രസിഡന്റ് അഡ്വ. ഐ.മൂസ അധ്യക്ഷത വഹിച്ചു. കാപ്‌കോസ് നിര്‍മിച്ചു നല്‍കുന്ന സ്‌നേഹഭവന്‍ പ്രഖ്യാപനവും ഉന്നത വിദ്യാഭ്യാസ രംഗത്തെ വിജയികളെ ആദരിക്കലും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. പ്രമുഖ പ്രവാസികളെ അഡ്വ. പ്രവീണ്‍കുമാര്‍ എംഎല്‍എ ആദരിച്ചു. ഡിവിഡന്റ് വിതരണം പാറക്കല്‍ അബ്ദുല്ല എംഎല്‍എയും പ്രമുഖ സഹകാരികളെ ആദരിക്കല്‍ കെ.കെ.രമ
എംഎല്‍എയും നിക്ഷേപം സ്വീകരിക്കല്‍ കെ.എം.അഭിജിത്ത് എംഎല്‍എയും നിര്‍വഹിച്ചു. വടകര ജില്ലാ ആശുപത്രിയില്‍ കാപ്‌കോസ് നല്‍കുന്ന കാരുണ്യ ഹസ്തവും വേദിക വായനശാലയ്ക്കുള്ള പുസ്തക ഉപഹാര സമര്‍പ്പണവും സാഹിത്യ അക്കാദമി ചെയര്‍മാന്‍ കല്‍പ്പറ്റ നാരായണന്‍ നിര്‍വഹിച്ചു. വായ്പ വിതരണം ജോയിന്റ് രജിസ്ട്രാര്‍ ഷീജ.കെ നിര്‍വഹിച്ചു. വെബ്‌സൈറ്റ് ഉദ്ഘാടനം അസിസ്റ്റന്റ് രജിസ്റ്റര്‍ പി.സതീഷ് നിര്‍വഹിച്ചു. ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം എന്‍.സുബ്രഹ്മണ്യനും കാരുണ്യ സ്പര്‍ശം ചികിത്സ ധനസഹായ വിതരണം അഡ്വ. പി.എം.നിയാസും പഴയകാല കച്ചവടക്കാരെ ആദരിക്കല്‍ മനയത്ത് ചന്ദ്രനും നിര്‍വഹിച്ചു. വി.എം.ചന്ദ്രന്‍, സതീശന്‍ കുരിയാടി, എന്‍.പി.അബ്ദുള്ള ഹാജി, ജെയിംസ് മരുതങ്കര, രമേശ് നൊച്ചാട്, കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, പി.കെ.പ്രീത, രാഗിഷ.ടി, ജിജേഷ്.പി.കെ, അടിയേരി രവീന്ദ്രന്‍, ടി.പി.റഷീദ്, പുറന്തോടത്ത് സുകുമാരന്‍, കളത്തില്‍ പീതാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു.















