വടകര: മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസ് ദിനാചരണത്തിന്റെ
ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്വബോധവും വളര്‍ത്തുന്നതിനും ലഹരിക്കെതിരായ സന്ദേശം
സമൂഹത്തിലേക്ക് എത്തിക്കുന്നതിനും വേറിട്ട പരിപാടികളൊരുക്കി. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.പ്രഭാകരന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ബീന.ബി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഒ.പി.രാജന്‍, പിടിഎ വൈസ് പ്രസിഡണ്ട് സി.വി.കുഞ്ഞമ്മദ്, മുന്‍ സ്‌കൂള്‍ മാനേജര്‍ പി.രാജന്‍ എന്നിവര്‍ സംസാരിച്ചു.
പ്രോഗാം ഓഫീസര്‍ രശ്മി.എസ് സ്വാഗതവും റഫീഖ്.ടി.പി നന്ദിയും പറഞ്ഞു. എന്‍എസ്എസ് ഗീതത്തോടെ ആരംഭിച്ച പരിപാടിയില്‍ ലഹരി വിരുദ്ധ സന്ദേശമെഴുതിയ ക്യാപ് അണിഞ്ഞ് ലഹരിക്കെതിരായ പ്രതിജ്ഞയെടുത്തു. എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ രക്ഷിതാക്കളെയും അധ്യാപകരെയും പ്രദേശവാസികളെയും ഉള്‍പ്പെടുത്തി ലഹരി വിരുദ്ധ സന്ദേശമെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി മേമുണ്ട മുതല്‍ ചല്ലിവയല്‍ വരെ തൂഫാന്‍ കമാന്‍ഡോസ് വാക്കത്തോണ്‍ സംഘടിപ്പിച്ചു. റാലിയുടെ ഫ്‌ലാഗ് ഓഫ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അരുണ്‍ രാജ് നിര്‍വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ലഘുനാടകം, ഫ്‌ലാഷ് മോബ്, നൃത്തം തുടങ്ങിയ ബോധവത്കരണ കലാപരിപാടികള്‍ അരങ്ങേറി. ലഹരിയുടെ ദൂഷ്യഫലങ്ങളും അതില്‍ നിന്ന് അകന്നുനില്‍ക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ കലാപരിപാടികളിലൂടെ ഫലപ്രദമായി അവതരിപ്പിച്ചു.















