അഴിയൂര്‍: അഴിയൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് യുവാവ് മരണപ്പെട്ട സംഭവത്തില്‍ സ്റ്റേഷന് ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്ക്
സംരക്ഷണം ഒരുക്കുന്ന പോലീസ് നടപടി നീതീകരിക്കാനാവില്ലെന്ന് എസ്ഡിപിഐ. മരണപ്പെട്ട ഫാഷിറിനെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് നാട്ടുകാര്‍ക്കുള്ളത്. രാത്രിയില്‍ കട പൂട്ടിയിറങ്ങിയതിന് ശേഷം ഏഴോളം പേര് ചേര്‍ന്നാണ് അദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ചത്. ആക്രമണം നടന്നതിന്റെ തൊട്ടുപിറ്റേന്നാണ് ഫാഷിര്‍ ആത്മഹത്യ ചെയ്തത്. എന്നിട്ടും പോലീസ് നിസ്സാര വകുപ്പ് ചേര്‍ത്ത് സാധാരണ അടിപിടി കേസായി ചുരുക്കിയത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് എസ്ഡിപിഐ അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സമീര്‍ കുഞ്ഞിപ്പള്ളി പറഞ്ഞു. ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പെരുകാന്‍ ഈ നടപടി ഇടയാക്കും. മരണപ്പെട്ട വ്യക്തിക്കും കുടുംബത്തിനും നീതി വാങ്ങിക്കൊടുക്കേണ്ടതിന് പകരം പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. സദാചാര വകുപ്പുകളും കൊലക്കുറ്റവും ചേര്‍ത്ത് പ്രതികളെ റിമാന്‍ഡ് ചെയ്യാത്ത പക്ഷം ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നല്‍കുമെന്ന് എസ്ഡിപിഐ അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്കി.















