വടകര: വടകര സഹോദയ സ്കൂള്‍ കോംപ്ലക്സ് സിബിഎസ്ഇ കലോത്സവം സപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 15 വരെ അഞ്ച് ഘട്ടങ്ങളിലായി വടകരയിലും പേരാമ്പ്രയിലുമായി
നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ സപ്തംബര്‍ 25, 26 തിയ്യതികളില്‍ കുഞ്ഞിപ്പള്ളി എസ്എംഐ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സ്റ്റേജിതര മത്സരങ്ങള്‍ നടക്കും. സാഹിത്യകാരന് കെ.ടി.ബാബുരാജ് ഉദ്ഘാടനം ചെയ്യും. രചനാമത്സരങ്ങളിലും സ്റ്റേജിനങ്ങളിലുമായി ആയിരത്തോളം വിദ്യാര്‍ഥികള്‍ ഒന്നാംഘട്ടത്തില്‍ മാറ്റുരയ്ക്കും. സംഗീത ഇനങ്ങള്‍ ഉള്‍പ്പെട്ട രണ്ടാം ഘട്ടം ചെമ്പനോട റെയ്മണ്ട്് സ്കൂളില്‍ ഒക്ടോബര്‍ 9, 10 തിയ്യതികളില്‍ നടക്കും. ഒക്ടോബര്‍ 12, 13 തിയ്യതികളില്‍ വടകര ടൗണ്‍ ഹാളില്‍ നൃത്യനൃത്ത്യങ്ങളും മാപ്പിള കലകളും അരങ്ങേറും. ലോഗോസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പേരാമ്പ്രയാണ് ഐടി ഫെസ്റ്റിന് ആതിഥ്യം വഹിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ചന്ദ്രന് കായക്കൊടി, സെക്രട്ടറി രാജന്.പി, സുനില്‍ കുഞ്ഞി തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.














