വടകര: മുക്കാളിയില്‍ ദേശീയപാത നിര്‍മാണ പ്രവൃത്തി അടിപ്പാത സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. ശനിയാഴ്ച കാലത്ത് പത്ത് മണിയോടെ ദേശീയ അതോറിറ്റി ഉദ്യോഗസ്ഥരും നിര്‍മാണ കമ്പനി തൊഴിലാളികളും വന്‍ പോലീസ് സന്നാഹത്തോടെ പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ മുക്കാളി ടൗണില്‍ എത്തിയപ്പോഴാണ് സംരക്ഷണസമിതി പ്രതിഷേധം സംഘടിപ്പിച്ചത്.
രണ്ട് മാസത്തോളമായി മുക്കാളി ടൗണിലേയും പരിസരങ്ങളിലേയും നിര്‍മാണ പ്രവൃത്തി അടിപ്പാത സംരക്ഷണപ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് സംരക്ഷണയില്‍ പ്രവൃത്തി പുനഃരാരംഭിക്കാന്‍ തൊഴിലാളികള്‍ എത്തിയത്. സംഭവമറിഞ്ഞ് കെ.കെ.രമ എംഎല്‍എ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷ പി.പി. എന്നിവരും എത്തി.
കലക്ടറുമായി എംഎല്‍എ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് തിങ്കളാഴ്ച സമരസമിതിയുമായി കലക്ടറുടെ ചേംബറില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ യോഗംചേരും. അത് വരെ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവെക്കാനും ധാരണയായി. ഇതോടെ അറസ്റ്റ് അടക്കമുള്ള നീക്കങ്ങള്‍ പോലീസ് അവസാനിപ്പിക്കുകയായിരുന്നു.
ചര്‍ച്ചകളില്‍ പ്രൊജക്റ്റ് ഡയരക്ടര്‍ അശുതോഷ് സിഹ്ന, അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷാ ഉമ്മര്‍, സമരസമിതി നേതാക്കളായ കെ.പി.ജയകുമാര്‍, എ.ടി.ശ്രീധരന്, പി.പി.ശ്രീധരന്, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, പ്രമോദ് മാട്ടാണ്ടി, പി.കെ.പ്രീത, കവിത അനില്‍കുമാര്‍, പി.കെ.സാവി(തി, റീന രയരോത്ത്, പുരുഷുരാമത്ത്, രാജേന്ദ്രന്, അനുപമ എന്നിവര്‍ പങ്കെടുത്തു