വടകര: അത്യുഗ്രന്‍ ചൂടില്‍ നാട് അമരുമ്പോഴും ബഡ്സ് സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് അവധിയില്ല. ഇവിടങ്ങളിലെ വിദ്യാര്‍ഥികള്‍ എരിപൊരി കൊള്ളുകയാണ്. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂളുകളില്‍ ചൂട് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. രാവിലെ പത്ത് മുതല്‍ മൂന്നര വരെ പ്രവര്‍ത്തിക്കുന്ന ഇവിടെ കുട്ടികള്‍ ക്ഷീണിതരാണ്.
അത്യുഷ്ണം കാരണം അംഗന്‍വാടികള്‍ ഒരാഴ്ച അടച്ചിട്ടപ്പോള്‍ ബഡ്സ് സ്കൂളിനെ ആരും ഗൗനിച്ചില്ല. രക്ഷിതാക്കള്‍ ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ സ്ഥാപന നടത്തിപ്പുകാര്‍ കൈമലര്‍ത്തുകയാണ്. തങ്ങള്‍ക്ക് യാതൊരു നിര്‍ദേശവും കിട്ടിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.
പ്രത്യേക വാഹനങ്ങളിലാണ് കുട്ടികളെ ബഡ്സ് സ്കൂളില്‍ എത്തിക്കുന്നത്. യാത്രയില്‍പോലും ചൂട് കാറ്റേറ്റ് കുട്ടികള്‍ തളര്‍ന്നുപോകുന്നു. മൂന്നരക്കു ശേഷവും ഇതാണ് അവസ്ഥ. വിദ്യാലയത്തില്‍ കുട്ടികള്‍ ചെലവഴിക്കുന്ന സമയത്തും കടുത്ത ശാരീരിക പ്രശ്നം നേരിടുന്നു. പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍ക്ക് മതിയായ ആരോഗ്യ പരിചരണം അനിവാര്യമാണെങ്കിലും അധികൃതര്‍ ഇടപെടുന്നില്ലെന്ന പരാതിയുണ്ട്.