
വടകര: മുക്കാളിയില്‍ ദേശീയപാത നവീകരണ പ്രവൃത്തി നടക്കുന്നതിനിടയില്‍ വീണ്ടും മണ്ണിടിച്ചില്‍. മീത്തലെ മുക്കാളിയോട് ചേര്‍ന്ന് കിഴക്കു ഭാഗത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ്
സംഭവം. തൊഴിലാളികള്‍ ഭക്ഷണം കഴിക്കാന്‍ പോയ നേരത്തായതിനാല്‍ ആളപായം ഒഴിവായി.
റോഡ് നവീകരണ പ്രവൃത്തി നടക്കുന്ന ഇവിടെ നേരത്തെ പല തവണ മണ്ണിടിച്ചിലുണ്ടായിരുന്നു. സുരക്ഷയുടെ ഭാഗമായി സോയില്‍ നെയിലിങ്ങ് നടത്തിയെങ്കിലും രണ്ട് വര്‍ഷം മുമ്പ് അത് ഇടിഞ്ഞു വീണു. കുറേക്കാലം അതേപടി കിടന്ന ഇവിടെ പുതിയ കമ്പനിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് ഭിത്തി പണിതുവരികയാണ്. ഇടവിട്ട്
സുരക്ഷാഭിത്തി പണിയുന്നതിനിടയിലാണ് തിങ്കളാഴ്ച വീണ്ടും മണ്ണിടിച്ചല്‍ ഉണ്ടായിരിക്കുന്നത്. മണ്ണും മരങ്ങളും താഴേക്ക് പതിച്ചു. മണ്ണിടിച്ചലിനെ തുടര്‍ന്ന് സമീപത്തെ വീട് അപകടാവസ്ഥയിലായി. ദേശീയ പാതയിലൂടെ വാഹനങ്ങള്‍ കടന്ന് പോകുന്നതിനിടെയാണ് അപകടം. സംഭവം എംപി, എംഎല്‍എ എന്നിവരെ നാട്ടുകാര്‍ അറിയിച്ചു. ഇവര്‍ സ്ഥലത്തില്ല. കളക്ടറുമായി ബന്ധപ്പെട്ട ഇവര്‍ ആവശ്യമായ നടപടി കൈക്കൊള്ളാന്‍ നിര്‍ദേശം നല്കി.
















