
കോഴിക്കോട്: പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ഏഴാമത് ഇഎസ്എ (പരിസ്ഥിതി ലോല പ്രദേശം) കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട കേരളത്തിലെ 131
വില്ലേജുകളിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ മേഖലയിലെ ജനവാസ- കാര്‍ഷിക ഭൂമികളെ പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമായി സ്വീകരിച്ചു വരികയാണെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2026 ജൂലൈ 25-ന് പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തിന്മേല്‍ ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനുള്ള 60 ദിവസത്തെ സമയപരിധി ഈ മാസം 24-ന് അവസാനിക്കാനിരിക്കെ, സര്‍ക്കാരിന്റെ സമഗ്രവും കൃത്യവുമായ മറുപടി സമയബന്ധിതമായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന് സമര്‍പ്പിക്കും.
സംസ്ഥാനത്തെ 30-ലധികം വില്ലേജുകളെ പട്ടികയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാനും
ബാക്കിയുള്ള വില്ലേജുകളില്‍ ജനവാസ കേന്ദ്രങ്ങളെയും കാര്‍ഷിക ഭൂമികളെയും ഇഎസ്എ പരിധിയില്‍ നിന്ന് മാറ്റാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിഷയത്തിന്റെ ഗൗരവം മുന്‍നിര്‍ത്തി മുഖ്യമന്ത്രി, പരിസ്ഥിതി, കൃഷി, റവന്യൂ, വനം വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തുടര്‍ കൂടിയാലോചനകള്‍ നടന്നു വരികയാണ്. കൂടാതെ, പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ ശാസ്ത്രീയമായ തെളിവുകളും കര്‍ഷകരുടെ ആശങ്കകളും വ്യക്തമായി ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
















