വടകര: 125 വര്‍ഷത്തെ പഴക്കമുള്ള മുരാട് റെയില്‍വേ പാലം വിസ്മൃതിയിലേക്ക്. പുതിയ
പാലം കമ്മീഷന് ചെയ്യുന്നതിനുള്ള നിര്‍ണായക പ്രവൃത്തികള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ മുതല്‍ പുതിയ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ഔദ്യോഗികമായി ആരംഭിച്ചു. 125
വര്‍ഷം പഴക്കമുള്ള പഴയ പാലത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മിച്ചത്. മലബാറിലെ റെയില്‍ ഗതാഗതത്തില്‍ നിര്‍ണായക സ്ഥാനമാണ് മൂരാട് പാലത്തിന്. ബ്രിട്ടീഷ് കാലത്തും പിന്നീടും ഇതുവഴി ചുളംവിളികള് തുടര്‍ന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഇരുഭാഗങ്ങളിലേക്കുമുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന്, നിലവിലെ പാളം കട്ട് ചെയ്ത് പുതിയ പാലവുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി റെയില്‍വേ അധികൃതരുടെ നേതൃത്വത്തില്‍ രാത്രിയോടെ പൂര്‍ത്തിയാക്കുകയായിരുന്നു. വടകര ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പുതിയ ട്രാക്കിലൂടെയാണ് ഇപ്പോള്‍ ട്രെയിനുകള്‍ കടത്തിവിടുന്നത്. അടുത്തമാസം അവസാനം വരെ ഗതാഗത ക്രമീകരണങ്ങള്‍ തുടരുമെന്നും നവംബര്‍ ഒന്നോടുകൂടി പുതിയ പാലത്തിലൂടെയുള്ള സര്‍വീസുകള്‍ പൂര്‍ണമായി ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
-ബിജിത്ത് പുരമുറ്റത്ത്















