കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വിഷലിപ്തമായ വര്‍ഗീയ പ്രചരണം നടത്തുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിക്ക് വീണ്ടും അധികാരം ലഭിച്ചാല്‍ രാജ്യത്തിന് വലിയ അപകടമാണെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താനുള്ള പൊതു സാഹചര്യം നിലവിലുണ്ട്. സാഹചര്യങ്ങള്‍ തങ്ങള്‍ക്കെതിരാണെന്ന് ബിജെപിയും മനസിലാക്കിയതായി പിണറായി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടേത് കുറ്റകരമായ അനാസ്ഥയാണെന്ന്
അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ ശബ്ദം പാര്‍ലമെന്റില്‍ ഉയര്‍ന്നില്ല. കേരള വിരുദ്ധ സമീപനമാണ് യുഡിഎഫ് എംപിമാര്‍ സ്വീകരിച്ചത്. ബിജെപിക്ക് കേരളവിരുദ്ധ സമീപനമാണെന്നും ബിജെപിയെ കേരളം സ്വീകരിക്കില്ലെന്നും പിണറായി പറഞ്ഞു. ഇന്നലെ സ്വീകരിച്ചില്ല ഇന്നും സ്വീകരിക്കില്ല നാളെയും സ്വീകരിക്കില്ല-അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും എല്‍ഡിഎഫ് അനുകൂല തരംഗമാണ്. മോദി
പച്ചയായി വര്‍ഗീയ പ്രചരണം നടത്തുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഉടനേ ഇടപെടേണ്ടതായിരുന്നു. നിഷ്പക്ഷത തെളിയിക്കേണ്ട അവസരമായിരുന്നു. അത്തരം ഇടപെടല്‍ കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി കാല്ക്കീഴില് കൊണ്ടുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ ആജ്ഞാനുവര്‍ത്തികളാക്കുന്നു. വിഷയം പരമോന്നത കോടതിയില്‍ എത്തും. ഗൗരവമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നില്ലെന്നു പിണറായി പറഞ്ഞു. അതീവ ഗൗരവമുള്ള വിഷയങ്ങളില്‍ നിലപാടില്ല. കേരളത്തില്‍ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാടാണ് ഉണ്ടായത്. തീര്‍ത്തും അപക്വമായ നിലപാടാണ് സ്വീകരിച്ചത്. പഴയ പേരിലേക്ക് മാറരുത് എന്ന് പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു. രാഹുല്‍ ഗാന്ധി പറയുമ്പോള്‍ തിരിച്ചു കിട്ടും എന്നും
പ്രതീക്ഷിക്കണം.പ്രധാനമന്ത്രിക് ക് രാഹുലിനെ വിമര്‍ശിക്കേണ്ടി വരുന്നില്ല. പ്രധാനമന്ത്രിക്ക് കുളിര്‍മ നല്കുന്ന സമീപനമാണ് രാഹുല്‍ ഗാന്ധിയുടേത്. സിഎഎയ്ക്ക് എതിരെ പ്രതികരിക്കാത്തത് ബിജെപിയെ സന്തോഷിപ്പിക്കാന്‍ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ സംരക്ഷണം ന്യൂനപക്ഷത്തിന്റെ മാത്രം വിഷയമല്ല. ന്യൂനപക്ഷ സംരക്ഷണം രാജ്യത്തിന്റെ പൊതു വിഷയമാണ്. ന്യൂനപക്ഷ സംരക്ഷണത്തില്‍ ഇടതിന്റ സ്ഥാനം പ്രധാനമാണെന്ന് അനുഭവങ്ങള്‍ തെളിയിച്ചതാണ്. ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് ഇടതുപക്ഷമാണ്. കുഞ്ഞാലിക്കുട്ടിക്ക് കോണ്‍ഗ്രസ്സിനെ തള്ളിപ്പറയാനാകില്ല. സമസ്ത ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും കാര്യങ്ങള്‍ ശരിയായി മനസിലാക്കുന്നുണ്ട്. ഇടത് പക്ഷത്തിന്റെ ഇടപെടല്‍ അനുഭവത്തിലൂടെ ബോധ്യപ്പെട്ടതാണ്-പിണറായി പറഞ്ഞു.