വടകര: വ്യാജ വീഡിയോ പ്രചാരണത്തിനെതിരെ നടപടി തേടി കെ.കെ.രമ എംഎല്‍എ റൂറല്‍ എസ്പിക്ക് പരാതി നല്കി. ഇക്കഴിഞ്ഞ പതിനേഴിന് യുഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഉമാ തോമസ് എംഎല്‍എയോടൊപ്പം ചേര്‍ന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തീര്‍ത്തും കടകവിരുദ്ധമായി വീഡിയോ എഡിറ്റ് ചെയ്തു വ്യാപകമായി പ്രചരിപ്പിക്കുന്നതു സംബന്ധിച്ചാണ് കെ.കെ രമ എംഎല്‍എ റൂറല്‍ എസ്പിക്കു പരാതി നല്‍കിയത്. ജനങ്ങളില്‍ വ്യാപകമായി തെറ്റിദ്ധാരണ ഉളവാക്കാനും വ്യക്തിപരമായും രാഷ്ട്രീയമായും തന്നെ അപമാനിക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന് കെ.കെ.രമ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലിനു നേരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ സംബന്ധിച്ച വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത്. തനിക്കെതിരെ അശ്ലീലം കലര്‍ന്ന വ്യാജ വീഡിയോ നിര്‍മിക്കുകയും ഇത് സോഷ്യല്‍ മീഡിയ വഴി യുഡിഎഫ് സ്ഥാനാര്‍ഥിയുടെയും യുഡിഎഫ് നേതൃത്വത്തിന്റെയും അറിവോടുകൂടി പ്രചരിപ്പിക്കുന്നു എന്ന നിലയിലുമുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തെറ്റായ ആരോപണങ്ങളെ തുറന്നുകാട്ടുകയായിരുന്നു ആ വാര്‍ത്താസമ്മേളനത്തില്‍ ചെയ്തത്. എന്നാല്‍ ആ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങള്‍ക്കാവശ്യമുള്ള വിധം മുറിച്ചു എഡിറ്റ് ചെയ്ത് ‘ഷാഫി പറമ്പിലിനെ തള്ളി കെ.കെ. രമ’ എന്ന നിലയിലാണ് വീഡിയോ തയ്യാറാക്കിയത്. ഇത് സോഷ്യല്‍ മീഡിയവഴി വ്യാപകമായി സിപിഎം സൈബര്‍ സംഘങ്ങള്‍ പ്രചരിപ്പിക്കുകയിരുന്നു. ആരോപണങ്ങള്‍ ശരിയാണ് എന്ന് ഞാനും ഉമ തോമസ് എംഎല്‍എയും അംഗീകരിക്കുകയാണ് എന്ന വിധമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകള്‍ വഴിയും വിവിധങ്ങളായ വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയുമാണ് ഈ വ്യാജ സന്ദേശം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ഇത്തരത്തില്‍ വീഡിയോ എഡിറ്റ് ചെയ്ത സംഘങ്ങളെയും അത് പ്രചരിപ്പിക്കാന്‍ നേതൃത്വം കൊടുത്ത സൈബര്‍ പ്രൊഫൈല്‍ ഉടമകളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് പരാതിയില്‍ ആവശ്യപെട്ടു. യുഡിഎഫ്-ആര്‍എംപിഐ നേതാക്കളായ പാറക്കല്‍ അബ്ദുള്ള, ഐ.മൂസ, എന്‍.വേണു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.