കോഴിക്കോട്: ജില്ലയില്‍ ഭിന്നശേഷിക്കാരുടെയും 85 ന് മുകളില്‍ പ്രായമുള്ളവരുടെയും വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് ശേഖരിക്കുന്ന പ്രവൃത്തി നാളെ (ഏപ്രില്‍17) തുടങ്ങും. നാലോ അഞ്ചോ ദിവസങ്ങള്‍ നീളുന്ന വോട്ടു ശേഖരണത്തില്‍ 4873 ഭിന്നശേഷിക്കാരുടെയും 85 ന് മുകളില്‍ പ്രായമുള്ള 10531 പേരുടെയും വീടുകളാണ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുക.
വോട്ടര്‍പട്ടികയില്‍ 85 വയസ് പൂര്‍ത്തിയായവര്‍ക്കും ഭിന്നശേഷിക്കാരായി രേഖപ്പെടുത്തപ്പെട്ടവര്‍ക്കുമാണ് വീട്ടില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാനാവുക. ഇവര്‍ നേരത്തേ ഫോം 12 ഡിയില്‍ അപേക്ഷ സമര്‍പ്പിച്ചവരായിരിക്കണം. ഭിന്നശേഷിക്കാരാണെങ്കില്‍ അപേക്ഷയോടൊപ്പം ഭിന്നശേഷിത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണമെന്നും നിബന്ധനയുണ്ട്. ഇങ്ങനെ അപേക്ഷ നല്‍കിയവരുടെ പേരുകള്‍ക്കു നേരെ വോട്ടര്‍ പട്ടികയില്‍ ‘പിബി’ (പോസ്റ്റല്‍ ബാലറ്റ്) എന്ന് അടയാളപ്പെടുത്തും. ആയതിനാല്‍ ഇവര്‍ക്ക് വീട്ടില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റ് വഴി മാത്രമേ വോട്ട് രേഖപ്പെടുത്താനാവൂ. പോളിംഗ് ദിവസം ബൂത്തില്‍ പോയി വോട്ട് ചെയ്യാനാവില്ല. അതേസമയം, പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാത്ത 85 വയസ്സുകഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളിലെത്തി എളുപ്പത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കും.
മുന്‍കൂട്ടി അറിയിച്ച് വീടുകളിലെത്തുന്ന ഉദ്യോഗസ്ഥ സംഘം വോട്ടിംഗിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. വോട്ട് രേഖപ്പെടുത്തി വാങ്ങിയ ശേഷം പോസ്റ്റല്‍ ബാലറ്റുകള്‍ പ്രത്യേക കവറുകളില്‍ സീല്‍ ചെയ്ത മെറ്റല്‍ ബോക്സുകളിലാക്കി മണ്ഡലത്തിലെ ഉപവരണാധികാരികള്‍ മുഖേന ജിപിഎസ് സംവിധാനത്തോടെയുള്ള വാഹനങ്ങളില്‍ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റുകയും ഹോം വോട്ടിംഗ് അവസാനിച്ച ശേഷം അവ ബന്ധപ്പെട്ട ലോകസഭാ മണ്ഡലം വരണാധികാരിക്ക് കൈമാറുകയും ചെയ്യും. ഒരു സംഘം ഓരോ ദിവസവും ശരാശരി 20 മുതല്‍ 25 വരെ വോട്ടര്‍മാരുടെ വീട്ടിലെത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.