കൊച്ചി: പ്രശസ്ത സംഗീതജ്ഞനും നടൻ മനോജ് കെ. ജയന്റെ പിതാവുമായ കെ.ജി.ജയൻ(90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം.
ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു.
സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. ഇരുപതോളം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. 1968-ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ആദ്യസിനിമ. “നക്ഷത്രദീപങ്ങൾ തിളങ്ങി…’, “ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി.
2019 ല് രാജ്യം പത്മശ്രീ നല്കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തിൽ ഗേപാലൻ തന്ത്രിയുടേയും പൊൻകുന്നം തകടിയേൽ കുടുംബാംഗം പതേരയായ നാരായണിയമ്മയുടേയും മകനായിട്ടാണ് ജനനം.
ശ്രീനാരായണ ഗുരുവിന്റെ നേർ ശിഷ്യനായിരുന്നു അച്ഛൻ ഗോപാലൻ തന്ത്രി. ഭാര്യ പരേതയായ സരോജിനി അധ്യാപികയായിരുന്നു. ബിജു കെ.ജയൻ എന്നൊരു മകൻകൂടിയുണ്ട്.