കോഴിക്കോട്: ബിജെപി ആഗ്രഹിക്കുന്നത് കേരളത്തെ ഭിന്നിപ്പിക്കാനെന്ന് രാഹുല്‍ ഗാന്ധി. അബ്ദുല്‍ റഹീമിനെ രക്ഷിക്കാന്‍ കേരളം കൈകോര്‍ത്തത് മഹത്തായ മാതൃകയാണെന്നും ഇത് വര്‍ഗീയത പറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന മോദിക്കും ആര്‍എസ്എസിനുമുള്ള മറുപടിയാണെന്നും കോഴിക്കോട് കടപ്പുറത്ത് യുഡിഎഫ് സംഘടിപ്പിച്ച മഹാറാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
റഹീമിന്റെ മോചനത്തിനായി മലയാളികള്‍ സ്വരൂപിച്ച 34 കോടി ആര്‍എസ്എസ് ആശയങ്ങള്‍ക്കുള്ള കേരളത്തിന്റെ മറുപടിയാണ്. കേരളത്തിന്റെ ശബ്ദം കരുത്തുറ്റതാണെന്നും കേരളം മഹത്തായ സംസ്കാരമുള്ള നാടാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലേക്ക് വരുന്നത് സ്വന്തം വീട്ടിലേക്ക് വരുന്നതുപോലെയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് മലയാളികള്‍ എന്നെ നല്ല പാഠം പഠിപ്പിച്ചു. മതങ്ങളെ മലയാളികള്‍ സ്നേഹം കൊണ്ട് കോര്‍ത്തിണക്കിയിരിക്കുന്നു. വെറുപ്പിന്റെ ആശയം പ്രചരിപ്പിച്ച് ആര്‍എസ്എസും ബിജെപിയും അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിക്ക് അധികാരക്കൊതിയാണ്. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ കാണാന്‍ നരേന്ദ്ര മോദിക്ക് കഴിയുന്നില്ല.
ഇലക്ട്രല്‍ ബോണ്ട് നിയമവിരുദ്ധമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി അതിലെ വിവരങ്ങള്‍ പുറത്തുവരുന്നതിനെ മോദി ഭയക്കുന്നുവെന്നും പറഞ്ഞു. ബിജെപിക്ക് ഫണ്ട് നല്കിയ കമ്പനികള്‍ക്ക് വിവിധ പദ്ധതികള്‍ ലഭിച്ചു. ഇലക്ടറല്‍ ബോണ്ട് രാഷ്ട്രീയ ശുദ്ധീകരണത്തിനുള്ള ആയുധമല്ല മറിച്ച് കൊള്ളയാണെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. രാജ്യത്തിന്റെ സ്വഭാവ സവിശേഷത മനസിലാക്കാന്‍ പ്രധാന മന്ത്രിക്ക് കഴിയുന്നില്ല. ഇന്ത്യയിലെ 25 പണക്കാര്‍ക്ക് വേണ്ടി 16 ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 24 വര്‍ഷത്തെ തുകയ്ക്ക് തുല്യമാണ് ഇത്. രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഖനികള്‍, പ്രതിരോധ കരാറുകള്‍, ഊര്‍ജമേഖല, സൗരോര്‍ജമേഖല, അടിസ്ഥാന സൗകര്യവികസനം തുടങ്ങി എല്ലാം ഒരു ബിസിനസുകാരന് കൊടുത്തു. അതിന്റെ അനന്തരഫലമായി 45 വര്‍ഷത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്തുണ്ടായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസന്, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, യുഡിഎഫ് സ്ഥാനാര്‍ഥികളായ എം.കെ. രാഘവന് ഇ.ടി.മുഹമ്മദ് ബഷീര്‍, എം.പി.അബ്ദുസമദ് സമദാനി, ഷാഫി പറമ്പില്‍, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ഡോ. എം.കെ. മുനീര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, കെ.സി.അബു എന്നിവര്‍ സംസാരിച്ചു. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് തര്‍ജമ ചെയ്തത്.