ആയഞ്ചേരി: കടമേരിയുടെ കലാ -സാംസ്കാരിക- വിജ്ഞാന- വിനോദ രംഗത്ത് പുത്തൻ ഉണർവേകി കടമേരി കാർണിവൽ സംഘടിപ്പിക്കുന്നു. ചരിത്ര പ്രാധാന്യമേറെയുള്ള കടമേരി ശ്രീ പരദേവത ക്ഷേത്ര തിറ മഹോത്സവത്തോടനുബന്ധിച്ചാണ് ‘കടമേരി കാർണിവൽ’ എന്ന പേരിൽ ഉത്സവം സംഘടിപ്പിക്കുന്നത്. ആദ്യമായാണ് തിറ മഹോത്സവത്തോടനുബന്ധിച്ച് ഇങ്ങനെയൊരു ആഘോഷ പരിപാടിക്ക് രൂപം നൽകുന്നത്. പരിപാടിയുടെ വിജയത്തിനായി
വോയ്സ് ഓഫ് കടമേരി എന്ന ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കക്ഷിരാഷ്ട്രീയ ജാതിമതഭേദമന്യെ വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. കടത്തനാടിലെ ക്ഷേത്രോത്സവങ്ങളുടെ സമാപനമായാണ് കടമേരി ക്ഷേത്രത്തിറ ഉത്സവത്തെ ഭക്തജനങ്ങൾ കണ്ടുവരുന്നത്. മെയ് ഒന്നു മുതൽ 10 വരെ നീണ്ടുനിൽക്കുന്ന ബൃഹത്തായ ആഘോഷ പരിപാടിക്കാണ് സംഘാടക സമിതി രൂപം നൽകിയത്. കടമേരി ശക്തി ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ടി.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ട്, ബ്ലോക്ക് മെമ്പർ സി.എച്ച്. മൊയ്തു, പഞ്ചായത്ത് അംഗങ്ങളായ സരള കൊള്ളിക്കാവിൽ, ടി. കെ. ഹാരിസ്, എ. സുരേന്ദ്രൻ, എം.വി.ഷൈബ, വോയിസ് ഓഫ് കടമേരി കമ്മിറ്റി പ്രസിഡൻ്റ് കണ്ണോത്ത് ദാമോദരൻ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രതിനിധികളായ ജി. വിധു, സി.കെ. നാണു , കുറ്റിയിൽ അസീസ്, പുത്തൂർ ശ്രീവത്സൻ, ടി.അഹ്മദ്, പി.ടി.വിനോദൻ, കുനിയിൽ കുമാരൻ, ചെറുവാച്ചേരി രാധാകൃഷ്ണൻ, ബൈജീഷ് മരുന്നോളി എന്നിവർ സംസാരിച്ചു. സി.എച്ച്. മൊയ്തു (ചെയർമാൻ), കണ്ണോത്ത് ദാമോദരൻ (ജന: കൺവീനർ), കുറ്റിയിൽ അസീസ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 501 അംഗ സ്വാഗത സംഘ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി.