കുന്നംകുളം: കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചു. ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിച്ചു. പാവങ്ങളും മധ്യവര്‍ഗവും അധ്വാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കി. പെണ്‍കുട്ടികളുടെ വിവാഹം മുടക്കി. ആയിരങ്ങളുടെ ജീവിതം കുഴപ്പത്തിലായി. പണമിട്ടാല്‍ പലിശ കിട്ടും അത്യാവശ്യത്തിനെടുക്കാം എന്ന് കരുതിയവരെയാണ് കബളിപ്പിച്ചത്. പലരും നിലവിളിച്ച് കൊണ്ട് സരസുവിനെ വിളിക്കുന്നുവെന്നാണ് കരുവന്നൂര്‍ കൊള്ളയില്‍ ആലത്തൂര്‍ സ്ഥാനാര്‍ഥി തന്നോട് പറഞ്ഞത്.
സിപിഎം മുഖ്യമന്ത്രി മൂന്ന് വര്‍ഷമായി നുണ പറയുന്നു. പണം നല്‍കും കുറ്റക്കാരെ ശിക്ഷിക്കും എന്ന് നുണ പറയുകയാണ്. എന്നാല്‍, മോദിയാണ് നടപടി എടുത്തത്. തട്ടിപ്പുകാരുടെ 90 കോടി ഇഡി കണ്ടുകെട്ടി. നിയമ നടപടി പൂര്‍ത്തിയാക്കി നഷ്ടപ്പെട്ടവര്‍ക്ക് വിട്ടു നല്കുന്നതെങ്ങനെ എന്ന് ചര്‍ച്ച ചെയ്യുകയാണിപ്പോള്‍. കരുവന്നൂരില്‍ വഞ്ചിതരായവര്‍ക്ക് പണം തിരിച്ചു നല്‍കും. അതിന് ഏതറ്റം വരെയും പോകുമെന്നും മോദി പറഞ്ഞു.
കുന്നംകുളത്തെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
സുരേഷ് ഗോപി ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു. പത്മജ വേണുഗോപാല്‍, നടന് ദേവന് തുടങ്ങിയവരും സംബന്ധിച്ചു.