വടകര: വടകരക്കാര്‍ നല്കുന്ന സ്നേഹവും പിന്തുണയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായും വിജയം സുനിശ്ചിതമാണെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പറഞ്ഞു. ഇവിടെ വന്നപ്പോള്‍ ലഭിച്ച വരവേല്പ് മാത്രമല്ല മണ്ഡലമാകെ ഇപ്പോഴും വന്‍ സ്വീകരണമാണ് ലഭിക്കുന്നതെന്നും ഇത് ആത്മവിശ്വാസം കൂട്ടുന്നതായും അദ്ദേഹം പറഞ്ഞു.
വടകര പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍. സീരിയസ് പൊളിറ്റിക്കല്‍ ഫൈറ്റാണ് വടകരയില്‍ നടക്കുന്നത്. ഇന്ത്യയെ വീണ്ടെടുക്കുന്നതിന് ആരെ തെരഞ്ഞെടുക്കണമെന്ന് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിത്. രാഷ്ട്രീയമായി ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ജനത ഏറെയുള്ള മണ്ഡലമാണ് വടകരയിലേത്. ഈയൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ തന്നെയാണ് ജനം മനസില്‍ കാണുകയും തെരഞ്ഞെടുക്കുകയും ചെയ്യുകയെന്ന് ഷാഫി പറഞ്ഞു.
വടകരയുടെ വികസനത്തിനു സമഗ്രവും ഫലപ്രദവുമായ ഇടപെടല്‍ നടത്തുമെന്ന് ഷാഫി വ്യക്തമാക്കി. താന്‍ ജയിച്ചാല്‍ വടകരയില്‍ എട്ട് മേഖലകളാക്കി വികസനത്തിന് ഇടപെടല്‍ നടത്തും. ദേശീയപാതയിലെ കുതിപ്പിനൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, കൃഷി, ഐടി, സ്പോര്‍ട്സ്, പാരമ്പര്യ മേഖല എന്നിവയില്‍ വികസത്തിനു വേണ്ടിയുള്ള ഇടപെടല്‍ നടത്താനാണ് ആലോചിക്കുന്നതെന്നും ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ വടകരയുടെ വികസന കുതിപ്പിന് ഏറെ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമാധാനത്തോടെ തെരഞ്ഞടുപ്പ് നടന്നാല്‍ വിജയിക്കില്ലെന്ന് കണ്ടാണ് സിപിഎം ബോംബ് നിര്‍മിക്കുന്നതെന്ന് ഒരു ചോദ്യത്തിനു മറുപടിയായി ഷാഫി പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനല്ലാതെ മറ്റെന്തിനാണ് ബോംബ് നിര്‍മിക്കുന്നത്. ബോംബ് എന്നത് തന്നെ വിനാശത്തിനുള്ളതാണ്. ഇത്തരം പ്രവര്‍ത്തനത്തെ ജനം അംഗീകരിക്കുന്നില്ലെന്നാണ് മണ്ഡലത്തില്‍ നിന്നാകെ ലഭിക്കുന്ന പ്രതികരണം.
രാജ്യത്തിന്റെ നിലനില്പ് തന്നെയാണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്ന് ഷാഫി പറഞ്ഞു. ഇന്ത്യന്‍ ജനതയെ വൈകാരികമായി വിഭജിക്കാനാണ് ഇപ്പോഴും പ്രധാനമന്ത്രി ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധി മാസം കഴിക്കുന്നയാളെന്ന് പറഞ്ഞ് ജനങ്ങളില്‍ വൈകാരികത സൃഷ്ടിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. തൊഴിലില്ലായ്മ കടുത്ത പ്രശ്നമായി നിലനില്‍ക്കുകയാണ്. 40 രൂപക്ക് പെട്രോള്‍ കിട്ടുന്നില്ല, 400 രൂപക്ക് ഗ്യാസ് കിട്ടുന്നില്ല. സ്വിസ് ബാങ്കിലെ കള്ളപ്പണം എത്തിക്കുമെന്ന് പറഞ്ഞ മോദി ഇതില്‍ നിന്നൊക്കെ ഒളിച്ചോടുകയാണ്. ഇതോടൊപ്പമാണ് സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടികള്‍. ക്ഷേമ പെന്ഷന് അവകാശമല്ലെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. ശമ്പളം അക്കൗണ്ടില്‍ ഉണ്ടെങ്കിലും എടുക്കാന്‍ പറ്റാത്ത അവസ്ഥ. ഇന്ധന വിലക്കയറ്റത്തിന് കാരണക്കാര്‍ കേന്ദ്ര-കേരള സര്‍ക്കാറുകളാണ്. ഇവയോടൊപ്പം അക്രമ രാഷ്ട്രീയവും പ്രചരണ വിഷയങ്ങളാണെന്നും ബോംബ് നിര്‍മാണവും അക്രമവും ആരു നടത്തിയിലും വിമര്‍ശിക്കുമെന്നും ഷാഫി പറഞ്ഞു.
പ്രസ്ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവന് പറമ്പത്ത് സ്വാഗതവും ട്രഷറര്‍ വി.വി.രഗീഷ് നന്ദിയും പറഞ്ഞു.