കൊയിലാണ്ടി: കണി കാണാന്‍ കൃഷ്ണ വിഗ്രഹങ്ങള്‍ റെഡി. പൂക്കാട് ദേശീയ പാതയോരത്ത് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബങ്ങളാണ് വിഷുവിന് ഇന്നാട്ടുകാര്‍ക്ക് കണികാണാന്‍ വേണ്ട കൃഷ്ണ വിഗ്രഹങ്ങളുടെ നിര്‍മാതാക്കള്‍.
രാജസ്ഥാനില്‍ നിന്ന് 30 വര്‍ഷം മുമ്പ് ഇവിടെ എത്തിയ ഇവരുടെ കരവിരുത് മനോഹര കൃഷ്ണ വിഗ്രഹങ്ങള്‍ പൂര്ണമാകാന് വഴിയൊരുക്കുന്നു. പലവലുപ്പത്തിലും വിവിധ വര്‍ണങ്ങളിലുമുള്ള വിഗ്രഹങ്ങള്‍ നിര്‍മിച്ചു കഴിഞ്ഞു. വിഷുവിന് കണി കാണാന്‍ കൃഷ്ണ വിഗ്രഹം പ്രധാനമായതിനാല്‍ ആവശ്യക്കാരുടെ തിരക്കാണ് ഇവിടെ.
രാജസ്ഥാനില്‍ നിന്നുളള ഈ കുടുംബങ്ങള്‍ ദേശീയപാതക്കരികില്‍ കൂടാരം കെട്ടി വെളള സിമന്റില്‍ പ്രതിമകള്‍ നിര്‍മിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടനവധി കുടുംബങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ താമസിച്ചാണ് പ്രതിമ നിര്‍മിക്കുന്നത്. 300 മുതല്‍ 2000 രൂപ വരെ വിലയുളള ചെറുതും വലുതുമായ പ്രതിമകള്‍ ഇവര്‍ നിര്‍മിച്ച് വില്‍ക്കുന്നുണ്ട്. വിഷുക്കണി വെക്കാന്‍ ധാരാളം പേര് പ്രതിമകള്‍ വാങ്ങുന്നു.
വിഷുക്കാലമായതിനാല്‍ പ്രതിമ വില്പന നല്ല നിലയില്‍ നടക്കുന്നതായി പ്രതിമ നിര്‍മാതാവ് രമേശ് ബാബു പറഞ്ഞു. പ്ലാസ്റ്റര്‍ ഓഫ് പാരീസിന്റെയും ചായങ്ങളുടെയും വില വര്‍ധനവ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രത്യേക അച്ചില്‍ നിര്‍മിക്കുന്ന വിഗ്രഹങ്ങള്‍ക്ക് നിറം കൊടുക്കുക കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമാണ്. വണ്ടികളില്‍ വിഗ്രഹങ്ങള്‍ കയറ്റി ദൂര സ്ഥലങ്ങളില്‍ കൊണ്ടു പോയി വില്‍ക്കുകയും ഇവര്‍ ചെയ്യാറുണ്ട്. ദേശീയപാതക്കരികില്‍ ഇവര്‍ നിര്‍മിച്ചുവെച്ച കൃഷ്ണപ്രതിമകള്‍ കാണുന്നത് തന്നെ കണ്ണിന് കുളിര്‍മ പകരുന്നതാണ്.
–സുധീര്‍ കൊരയങ്ങാട്