വടകര: പാനൂര്‍ ബോംബ് സ്ഫോടന കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത്. ഇക്കാര്യം ഉന്നയിച്ച് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്കി. യുഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതി നല്‍കിയത്. പോലീസ് വ്യക്തമായ അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. തോല്‍വി ഭയന്ന് സിപിഎം ആയുധം സംഭരിക്കാന്‍ ശ്രമം തുടങ്ങിയതായും വോട്ടെടുപ്പില്‍ നിന്ന് ജനങ്ങളെ അകറ്റാനുള്ള ബോധപൂര്‍വ ശ്രമം നടക്കുന്നതായും യുഡിഎഫ്
ആരോപിച്ചു.
പാനൂരില്‍ ബോംബ് സ്ഫോടനം കുടിപ്പകയുടെ ഭാഗമാണെന്നും പിന്നില്‍ രാഷ്ട്രീയമില്ലെന്നുമാണ് സിപിഎമ്മിന്റെ ആരോപണം. പ്രതിപ്പട്ടിയില്‍ ഉള്‍പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തകര്‍ ആണെന്നായിരുന്നു എം.വി.ഗോവിന്ദന്റെ പ്രതികരണം.
പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട്ടില്‍ നടന്ന സ്ഫോടനത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന് കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. അതിനാല്‍ നേതൃത്വം കേസ് അട്ടിമറിക്കാന്‍ ഇടപെടുന്നുവെന്നാണ് യുഡിഎഫിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെടുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.