നാദാപുരം: ഇന്ത്യയിലെ മുസ്ലീം ജനവിഭാഗത്തെ ആശങ്കയിലാക്കിയ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ഒന്നും പറയാത്ത കോണ്‍ഗ്രസിന്റെ പ്രകടന പത്രിക അത്തരം വിഭാഗങ്ങളില്പെട്ടവരോടുള്ള അനീതിയും കടുത്ത വെല്ലുവിളിയുമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇത് ബോധ്യപ്പെട്ടതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഇപ്പോള്‍ പ്രകടന പത്രികയിലെ എട്ടാമത്തെ പേജിനെപ്പറ്റി പ്രസ്താവനയിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ.കെ.ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി നാദാപുരം കല്ലാച്ചിയില്‍ ചേര്‍ന്ന സിപിഐ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ ലീഗിന്റെ കൊടി മാറ്റി നിര്‍ത്തിയവര്‍ ഫാസിസ്റ്റ് ഭീഷണിക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്. മതാധിഷ്ഠിത അജണ്ടകളുമായി മുന്നോട്ട് പോകുന്ന ബിജെപിയുടെ ബി ടീമാകുകയാണ് കോണ്‍ഗ്രസ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ഭീരുത്വമല്ല ധീരതയാണ് രാഷ്ട്രീയ പാര്ട്ടികള്ക്കുണ്ടാവേണ്ടതെന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ബാലപാഠം പോലും കോണ്‍ഗ്രസ് മറന്നിരിക്കുന്നു. രാഹുല്‍ ഗാന്ധിയെ വയനാട്ടിലേക്ക് തള്ളിപ്പറഞ്ഞയച്ചവര്ക്ക് നിരാശപ്പെടേണ്ടി വരുന്ന തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകും. ഇടതു പക്ഷം കേരളത്തില്‍ വലിയ വിജയം നേടുകയും രാജ്യത്ത് ബിജെപി വിരുദ്ധ ഇന്ത്യാ മുന്നണി അധികാരത്തിലെത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇ.കെ.വിജയന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്, സംസ്ഥാന കൗണ്‍സില്‍ അംഗം ടി കെ രാജന്, ജില്ലാ അസി. സെക്രട്ടറി അഡ്വ. പി.ഗവാസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആര് ശശി, പി സുരേഷ് ബാബു, രജീന്ദ്രന്‍ കപ്പള്ളി, ആര് സത്യന്, അജയ് ആവള സംസാരിച്ചു.