പാനൂര്‍: ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി കൂത്തുപറമ്പ് എംഎല്‍എ കെപി മോഹനന്. ഷെറിന്റെ വീട്ടില്‍ പോയത് വിവാദമാക്കേണ്ടതില്ലെന്ന് കെ.പി.മോഹനന് പറഞ്ഞു. പൊതുരീതിയുടെ ഭാഗമായാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. ദുഃഖിതരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാണ് പോയത്. പോകരുതെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. ഷെറിന്റെ കുടുംബാംഗങ്ങള്‍ ഇടതനുഭാവികള്‍ ആണെന്നും കെ.പി.മോഹനന് പറഞ്ഞു.
പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് കൈവേലിക്കല്‍ സ്വദേശി ഷെറിന് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിനീഷ് ചികിത്സയില്‍ കഴിയുകയാണ്. ബോംബ് നിര്‍മാണത്തില്‍ പങ്കാളിത്തമുള്ള നാലുപേര്‍ അറസ്റ്റിലുമായി. പാര്‍ട്ടിക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് സിപിഎം പ്രാദേശിക ഘടകം മുതല്‍ സംസ്ഥാന നേതൃത്വം വരെ സ്വീകരിച്ച നിലപാട്. പാനൂര്‍ ഏരിയ കമ്മിറ്റി ഇറക്കിയ വിശദീകരണക്കുറിപ്പില്‍ വിനീഷും ഷെറിനും പാര്‍ട്ടി പ്രവര്‍ത്തകരെ അടക്കം ആക്രമിച്ച കേസില്‍ പ്രതികള്‍ ആണെന്നും പരാമര്‍ശിച്ചിരുന്നു. എന്നാല്‍ സംസ്കാര ചടങ്ങിന് തൊട്ടുമുന്‍പ് സിപിഎം പ്രാദേശിക നേതാക്കള്‍ ഷെറിന്റെ വീട്ടിലെത്തി മടങ്ങി.