വടകര: പാനൂര്‍ മുളിയതോടില്‍ ബോംബ് നിര്‍മാണത്തിനിടെയുള്ള സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് സിപിഎമ്മുകാരില്‍ ഒരാള്‍ മരണപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതാണെന്ന് കെ.കെ.രമ എംഎല്‍എ. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പോലീസ് തന്നെ പറയുമ്പോള്‍ വടകര മണ്ഡലത്തില്‍ ഉടനീളം കലാപം നടത്താനുള്ള ആസൂത്രണമാണ് അണിയറയില്‍ നടക്കുന്നതെന്ന് ഉറപ്പിക്കാം.
ടി.പി വധക്കേസ് പ്രതി കൊലയാളി പി.കെ.കുഞ്ഞനന്തന്റെ നാട്ടിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. കുഞ്ഞനന്തനും കെ.കെ ശൈലജയും പി.ജയരാജയനുമായൊക്കെ വലിയ അടുപ്പമുള്ള പ്രവര്‍ത്തകര്‍ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ടി.പി കേസിലെ മറ്റു പ്രതികളായ കൊടിസുനി, ജ്യോതി ബാബു, ട്രൗസര്‍ മനോജ് എന്നിവരുമായി അടുത്ത ബന്ധം സൂക്ഷിച്ചവരാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടതെന്നുമുള്ള വിവരങ്ങളും പുറത്തുവരികയാണ്. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ട് തന്നെയാണ് വടകര മണ്ഡലത്തില്‍ കലാപം ആസൂത്രണം ചെയ്യുന്നത് എന്ന കാര്യം ഇതില്‍ നിന്നെല്ലാം വ്യക്തമാവുകയാണ്.
ആര്‍എംപിഐ പിന്തുണയ്ക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ പര്യടനം കണ്ണൂര്‍ ജില്ലയില്‍ നടക്കാനിരിക്കെയാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പോലും ജനങ്ങളെയും എതിര് പാര്‍ട്ടിക്കാരെയും അക്രമവും ഭീഷണിയും കൊണ്ട് അടക്കിനിര്‍ത്തി ജയിച്ചു കയറാം എന്ന മൂഢവിശ്വാസത്തിലാണ് ഇന്നും സിപിഎം നില്‍ക്കുന്നത്. ഇത്തരം അക്രമകാരികള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി ഈ തെരഞ്ഞെടുപ്പ് മാറണം. ഇപ്പോള്‍ സ്ഫോടനമുണ്ടായ കേന്ദ്രത്തില്‍ മാത്രമല്ല കണ്ണൂരിലെ പല സിപിഎം ഗ്രാമങ്ങളിലും ഇത്തരം അക്രമ ഫാക്ടറികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന് വേണം കരുതാന്‍. തെരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ട് സിപിഎം ശക്തി കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി ആയുധങ്ങളും മറ്റും പിടിച്ചെടുക്കണം. സമാധാനപരവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ ഇത് ചെയ്തേ മതിയാകൂ.
പാര്‍ട്ടി നടത്തിയ നിഷ്ഠൂരമായ കൊലപാതകങ്ങളെയോ അക്രമ പ്രവര്‍ത്തനങ്ങളെയോ ഇതുവരെ തള്ളി പറയാത്ത കെ.കെ.ശൈലജ ഈ സംഭവത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കണമെന്ന് കെ.കെ രമ ആവശ്യപ്പെട്ടു.