വടകര: ബോംബ് രാഷ്ട്രീയത്തിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ആറാം തിയതി ശനിയാഴ്ച പാനൂരില്‍ സമാധാന സന്ദേശ ജാഥ നടത്തും. കൂത്തുപറമ്പ് നിയോജകമണ്ഡലം ഐക്യ ജനാധിപത്യമുന്നണി നേതൃയോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. രാവിലെ 8 30ന് പാനൂര്‍ പോലീസ് സ്റ്റേഷന് പരിസരത്തുനിന്ന് ആരംഭിക്കുന്ന ജാഥ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന് നേതൃയോഗം ആരോപിച്ചു. ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറല്ല എന്നുള്ളതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്ഫോടനം. ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പര്യടനം നാളെ ഈ പ്രദേശത്ത് നടക്കാനിരിക്കെയാണ് സ്ഫോടനം നടന്നിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം മുന്‍കൂട്ടി വിവരങ്ങള്‍ ശേഖരിച്ചിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികള്‍ ഉണ്ടായില്ലെന്ന് യോഗം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ചെയര്മാന് പി.പി.എ സലാം അധ്യക്ഷത വഹിച്ചു. പൊട്ടങ്കണ്ടി അബ്ദുള്ള, വി സുരേന്ദ്രന്, കെ.പി.സാജു, വി.നാസര്‍, പി.കെ.സതീശന്, മുസ്തഫ ചെണ്ടയാട്, കെ.പി.ഹാഷിം, സന്തോഷ് കണ്ണംവെള്ളി, എന്‍.എ.മുഹമ്മദ് റാഫിഖ്, കെ.ലോഹിതാക്ഷന് തുടങ്ങിയവര്‍ പ്രസംഗിച്ചു.