വടകര: വടകരയിലെ ഐക്യമുന്നണി സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പൊള്ളുന്ന വെയിലിനെ വകവെക്കാതെ സ്തീജനങ്ങളുടെ അകമ്പടിയോടെ എത്തിയ ഷാഫി വടകര റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി.അന്‍വര്‍സാദത്ത് മുമ്പാകെ പത്രിക നല്കി.
‘വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം’ എന്ന ബാനര്‍ ഏന്തിയായിരുന്നു പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് റോഡ്ഷോ പുറപ്പെട്ടത്. കെ.കെ.രമ എംഎല്‍എ, അച്ചു ഉമ്മന്‍ തുടങ്ങിയവര്‍ നയിച്ച സ്ത്രീകളുടെ വനിതാറാലിക്കൊപ്പം ഷാഫി പറമ്പില്‍ ആര്‍ഡിഒ ഓഫീസ് ലക്ഷ്യമാക്കി നീങ്ങി.
മുല്ലപ്പള്ളി രാമചന്ദ്രന്, കെ.പ്രവീണ്‍കുമാര്‍, പാറക്കല്‍ അബ്ദുള്ള എന്നിവര്‍ ഉള്‍പെടെ ധാരാളം നേതാക്കള്‍ നോമിനേഷന് സ്വീകരിക്കുന്ന ആര്‍ഡിഒ ഓഫീസിലെത്തിയിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് നോമിനേഷന് സമര്‍പിച്ചതെന്നും വിജയം സുനിശ്ചിതമാണെന്നും ഷാഫി പറമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നോമിനേഷന് മുന്നോടിയായി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന മഹിളാ യോഗം കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്നും ജനങ്ങള്‍ക്കിടയിലെ വര്‍ഗീയ ചിന്തകള്‍ ഷാഫി തുടച്ചുമാറ്റുമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
വടകരയുടെ മതേതര ചിന്തകളെ തേടിയാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ഒന്നല്ല ഒരായിരം തെരഞ്ഞെടുപ്പില്‍ തോല്‍ക്കേണ്ടി വന്നാലും തികഞ്ഞ മതേതര ബോധങ്ങളില്‍ ഉറച്ച് പോരാനാണ് തന്റെ രാഷ്ട്രീയവും തന്റെ പ്രസ്ഥാനവും പഠിപ്പിച്ചിട്ടുള്ളതെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി.