
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ് 1എ (ഇഒഎസ്–05) വഹിച്ചുള്ള ജിഎസ്എൽവി-എഫ്17 വിജയകരമായി വിക്ഷേപിച്ചു. മുൻനിശ്ചയിച്ച പ്രകാരം ഇന്ന് പുലർച്ചെ
2.55നുതന്നെ വിക്ഷേപണം നടന്നു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയിസ് സെന്ററിലെ രണ്ടാമത് ലോഞ്ച് പാടിൽനിന്നാണ് ഐഎസ്ആഒയുടെ വിജയദൗത്യം ഉണ്ടായത്. മഴയ്ക്കിടെയായിരുന്നു വിക്ഷേപണം. 18 മിനിറ്റ് 45 സെക്കൻഡിൽ വിക്ഷേപണ വാഹനത്തിൽ നിന്നു വേർപെട്ടു. സാധാരണ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങൾ ഭൂമിക്കുമുകളിൽ 100 കിലോമീറ്റർ മാത്രം ഉയരത്തിൽ ഭ്രമണം ചെയ്യുകയാണ് പതിവ് എന്നാൽ ഇഒഎസ് 05ന്റെ ഭ്രമണപഥം 36000 കിലോമീറ്റർ ഉയരത്തിലാണ്. നീണ്ട എട്ട് മാസത്തെ
ഇടവേളയ്ക്ക് ശേഷം ഐഎസ്ആര്‍ഒ വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുന്നു എന്നതാണ് പ്രധാനം. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ബഹിരാകാശത്തേക്ക് അയച്ച ഇഒഎസ്-05. കാട്ടുതീ, ചുഴലിക്കാറ്റ്, ശീതകാറ്റ്, മേഘവ്യതിയാനങ്ങൾ ഇവയെല്ലാം കൃത്യമായി മുൻകൂട്ടി കാണാന്‍ ഇഒഎസ് 05 സഹായിക്കും. കാലാവസ്ഥ, ദുരന്തനിവാരണ കാര്യങ്ങളിൽ വലിയ നേട്ടമാകും ഇത്. മറ്റ് ഉപഗ്രഹങ്ങൾ ഒരേസ്ഥലം നിരീക്ഷിക്കുമ്പോൾ പുതിയ ഉപഗ്രഹത്തിന് ഇന്ത്യയുടെ ഏത് ഭാഗത്തേക്കും നോട്ടം മാറ്റാം. ഇതും ഇന്ത്യയ്ക്ക് വലിയ ഗുണമാണ്.
















