വടകര: ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.കെ.ശൈലജയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച സംഭവത്തില്‍ കേസെടുത്ത് വടകര പോലീസ്. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. കെ.കെ.ശൈലജയെ അശ്ലീലമായി ചിത്രീകരിച്ചതിനും മോശം കമന്റുകള്‍ നല്‍കിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്രോള്‍ റിപ്പബ്ലിക് എന്ന വാട്സാപ്പ് ഗ്രൂപ്പിലെ മിന്‍ഹാജ് പാലോളി എന്നയാള്‍ക്കെതിരെയാണ് കേസ്.
വടകരയില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതിന് പിന്നാലെ കെ.കെ.ശൈലജക്കെതിരെ നിന്ദ്യമായ രീതിയില്‍ പ്രചരണം നടക്കുന്നുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഇലക്ഷന് കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വടകര പോലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 153, കേരള പോലീസ് ആക്ട് 120 (ഒ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി നടപടി കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു. കെ.കെ.ശൈലജക്കെതിരെ നടക്കുന്ന നിന്ദ്യമായ അധിക്ഷേപം യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അറിവോടെയാണെന്ന് എല്‍ഡിഎഫ് കമ്മിറ്റി ആരോപിച്ചിരുന്നു.