വടകര: ബിജെപി സര്‍ക്കാര്‍ നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ മുഖാമുഖം പരിപാടിയിലായിരുന്നു പ്രതികരണം.
ഭരണഘടനാ സ്ഥാപനങ്ങളെയാകെ തങ്ങളുടെ വരുതിയിലാക്കികൊണ്ട് മതനിരപേക്ഷ രാഷ്ട്രത്തെ മതരാഷ്ട്രമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ബിജെപിയുടെ അതേ സ്വരം തന്നെയാണ് ഇന്ന് കോണ്‍ഗ്രസിനും. അതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇതുവരെയും പ്രതികരിക്കാത്തത്. നയവും നേതൃത്വവുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. അതുകൊണ്ടാണ് എസ്ഡിപിഐ പോലുള്ള സംഘടനകളുമായി തെരഞ്ഞെടുപ്പില്‍ ധാരണകളുണ്ടാക്കിയത്. എന്നാല്‍ ഈകോലീബി, എസ്ഡിപിഐ സഖ്യത്തെ അതിജീവിച്ച് വടകരയില്‍ ഇടതുപക്ഷം വിജയിക്കുമെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു.
വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എല്‍ഡിഎഫ് വടകര പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് എം.കെ.ഭാസ്കരന് അധ്യക്ഷത വഹിച്ചു. കടത്തനാട് നാരായണന്, സുവീരന്, വി ടി മുരളി, ലിസി മുരളീധരന്, രമേശന് പാലേരി, പ്രേംകുമാര്‍ വടകര, പി മോഹനന്, വത്സന് പനോളി, കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, കെ.പി.ബിന്ദു എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് അറുന്നൂറോളം പേര് പരിപാടിയില്‍ പങ്കെടുത്തു. പ്രതിനിധികളുമായി സംവദിച്ച ശേഷം ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകുമെന്ന്
എം.വി.ഗോവിന്ദന് അഭിപ്രായപ്പെട്ടു.