പശുക്കടവ്: പുലിയും കാട്ടാനയും സൃഷ്ടിച്ച ഭീതി ഒരു ഭാഗത്ത്, ഉരുള്‍പൊട്ടല്‍ ഭീഷണി വേറെയും. ഇതിനിടയില്‍ എങ്ങനെ സമാധാനമായി ജീവിക്കും. വോട്ട് തേടിയെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്.പ്രഫുല്കൃഷ്ണനോട് നാട്ടുകാര്‍ പരാതിയുടെ കെട്ടഴിച്ചു.
”ജീവന് പണയം വെച്ചാണ് വീടിന് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് ഇവിടെ വളര്‍ത്തുമൃഗത്തെ പുലി കൊണ്ടുപോയത്. ജീവിക്കാന്‍ വഴിയില്ലാതെയായി” റിട്ടയേര്‍ഡ് നേവി ഉദ്യോഗസ്ഥന് മോഹനന് പ്രഫുല്‍ കൃഷ്ണനോട് പറഞ്ഞു. പ്രദേശത്തെ അമ്മമാര്‍ പരാതിയുടെ ഒരു കുമ്പാരം തന്നെയാണ് സ്ഥാനാര്‍ഥിയുടെ മുന്നില്‍ വെച്ചത്. വന്യമൃഗങ്ങളെ കണ്ടാല്‍ രണ്ട് ദിവസം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി വാഗ്ദാനങ്ങള്‍ നല്കി മടങ്ങും. ഇത് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഞങ്ങള്‍ക്ക് ജീവിക്കാന്‍ വഴി കാണിക്കണം. ഇതില്‍ സഹായിക്കണമെന്നാണ് അമ്മമാരുടെ അഭ്യര്‍ഥന. വന്യമൃഗ ശല്യത്തില്‍ നിന്ന് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണുമെന്ന് സ്ഥാനാര്‍ഥി പശുക്കടവ് എക്കല്‍ നിവാസികള്‍ക്ക് ഉറപ്പ് നല്കി.