റാന്നി: പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (48) ആണ് മരിച്ചത്. പുലർച്ചെ ഒന്നോടെ വീട്ടുമുറ്റത്താണ് ആനയുടെ ആക്രമണത്തിൽ ഇയാൾ മരിച്ചത്. മുറ്റത്ത് ആന കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ട് ബിജു ആനയെ ഓടിക്കാന്‍ ഇറങ്ങിയതായിരുന്നു.
പിന്നീട് വീട്ടിൽ നിന്നു 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പോലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
നാട്ടുകാര്‍ മൃതദേഹം സ്ഥലത്തു നിന്നു മാറ്റാന്‍ പോലീസിനെ അനുവദിച്ചില്ല. കളക്ടര്‍ അടക്കമുള്ള അധികൃതര്‍ സ്ഥലത്തെത്തണമെന്നാണ് അവരുടെ ആവശ്യം. ബിജു ഓട്ടോ ഡ്രൈവറാണ്. ഡെയ്സിയാണ് ബിജുവിന്റെ ഭാര്യ. മക്കള്‍: ജിന്സണ്, ബിജോ. പ്രദേശത്തെ വന്യമൃഗ ശല്യത്തെക്കുറിച്ച് നേരത്തെ തന്നെ നാട്ടുകാര്‍ നിരന്തരം പരാതി നല്‍കിയിരുന്നു.,