വടകര: കാറില്‍ മയക്ക് മരുന്നു കടത്തിയ കേസില്‍ പിടിയിലായ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. തലശ്ശേരി പത്തായക്കുന്ന് കോട്ടയം എരുപാടി കുന്നില്‍ മീത്തല്‍ ഉമാ നിവാസില്‍ മുഹമ്മദ് ഷാനിലിനെയാണ് (30) വടകര എന്‍ഡിപിഎസ് കോടതി ജഡ്ജ് വി.പി.എം.സുരേഷ്ബാബു ശിക്ഷിച്ചത്. 11 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.
2022 ഒക്ടോബര്‍ ആറിനാണ് കേസിനാസ്പദ സംഭവം. കെഎല്‍ 40-എസ്-3693 ടാറ്റ ഇന്‍ഡിഗോ കാറില്‍ കടത്തുകയായിരുന്ന 2.248 ഗ്രാം എല്‍എസ്ഡി, 6.443 ഗ്രാം മെത്തഫിറ്റമിന്‍ എന്നിവയുമായാണ് പ്രതിയെ കണ്ണൂര്‍-തലശ്ശേരി ദേശീയ പാതയില്‍ എടക്കാട് തോട്ടടയില്‍ കണ്ണൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയിലോത്ത് പിടികൂടിയത്. എന്‍ഡിപിഎസ് ആക്ട് 22(സി)പ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും എന്‍ഡിപിഎസ് 22(ബി)പ്രകാരം ഒരു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇത് ഒന്നിച്ചനുഭവിച്ചാല്‍ മതി. പ്രോസ്യുക്യൂഷന് വേണ്ടി അഡ്വ.വി.കെ.ജോര്‍ജ് ഹാജരായി.