വടകര: സാംബിയയിലെ ലുസാക്കയില്‍ നടന്ന മൂന്നുദിവസത്തെ അന്താരാഷ്ട്ര
സഹകരണകോണ്ഫറന്സില് വിശിഷ്ടപ്രാസംഗികനും മെന്ററുമായി ഊരാളുങ്കല്‍ പ്രതിനിധി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി
(യുഎല്‍സിസിഎസ്) ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ടി.കെ.കിഷോര്‍ കുമാറാണ് ആഫ്രിക്കയിലുടനീളമുള്ള സഹകരണനേതാക്കള്, നയരൂപകര്‍ത്താക്കള്‍, ഗവേഷകര്‍, വികസനപങ്കാളികള്‍, യുവസഹകരണസംരംഭകര് എന്നിവര്‍ ഒത്തുചേര്‍ന്ന സമ്മേളനത്തില്‍ പരിശീലകനായത്. ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സിന്റെ (ഐസിഎ) ഗ്ലോബല്‍ കോ-ഓപ്പറേറ്റീവ് കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗവും ഐസിഎ ഏഷ്യപസഫിക് കാര്‍ഷികപരിസ്ഥിതി കമ്മിറ്റി വൈസ് ചെയര്‍പേഴ്സണുമാണ് കിഷോര്‍ കുമാര്‍. കോ-ഓപ്പറേഷന് ആഫ്രിക്കയും ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്സ്ആഫ്രിക്കയും (ഐസിഎആഫ്രിക്ക) സംയുക്തമായാണ് 2026 ഓഗസ്റ്റ് 24 മുതല്‍ 26 വരെ നടന്ന ‘ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ വര്‍ക്കര്‍ കോ-ഓപ്പറേറ്റീവ്സ് ആന്‍ഡ് ഡീസെന്റ് യൂത്ത് എംപ്ലോയ്മെന്റ് ഇന്‍ ആഫ്രിക്ക’ എന്ന സമ്മേളനം സംഘടിപ്പിച്ചത്. മാന്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സംരംഭകത്വം വളര്‍ത്തുന്നതിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിരസാമ്പത്തികവികസനം പ്രോത്സാഹിപ്പിക്കുന്നതിലും തൊഴിലാളിസഹകരണസംഘങ്ങള് വഹിക്കുന്ന സുപ്രധാനപങ്കാണ് സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്തത്. സമ്മേളനത്തിലും എസിഇ പ്രോഗ്രാമിലുമുള്ള കിഷോര്‍ കുമാറിന്റെ പങ്കാളിത്തം ഇന്ത്യയിലെയും ആഫ്രിക്കയിലെയും സഹകരണപ്രസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തര്ദേശീയസഹകരണവും വിജ്ഞാനവിനിമയവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ വഴിതുറന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സംരംഭകവികസനത്തിലും സാമ്പത്തികവളര്‍ച്ചയിലും തൊഴിലാളി സഹകരണസംഘങ്ങള്‍ക്ക് എങ്ങനെ സംഭാവന നല്കാന് കഴിയുമെന്നതിന്റെ ഉദാഹരണമായി യുഎല്‍സിസിഎസിന്റെ അനുഭവങ്ങള്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ‘ആഫ്രിക്കനും ആഗോളവുമായ
തൊഴിലാളിസഹകരണസംഘങ്ങളും തൊഴിലവസരസൃഷ്ടിയും ഉദാഹരണങ്ങള്‍’ എന്ന വിഷയം കിഷോര്‍ കുമാര്‍ അവതരിപ്പിച്ചു. തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള സഹകരണസ്ഥാപനം എന്ന നിലയിലുള്ള യുഎല്‍സിസിഎസിന്റെ അനുഭവങ്ങളും വളര്‍ച്ചയും അദ്ദേഹം പങ്കുവെച്ചു. കൂട്ടായ ഉടമസ്ഥാവകാശം, സംരംഭകത്വം, നൂതനാശയങ്ങള്‍, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമ്പത്തികപങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹകരണസംരംഭങ്ങള്‍ക്ക് എങ്ങനെ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു.
സഹകരണസംഘങ്ങളിലൂടെ യുവാക്കളെ ശാക്തീകരിക്കുന്നത് കേവലം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുവേണ്ടി മാത്രമല്ല; കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ സമ്പത്ത്വ്യസ്ഥയെ രൂപപ്പെടുത്താന്‍ കഴിയുന്ന സംരംഭകരെയും ഉടമകളെയും നേതാക്കളെയും സൃഷ്ടിക്കുന്നതിനുകൂടിയാണെന്ന് കിഷോര്‍ കുമാര്‍ പറഞ്ഞു. തൊഴില്‍, സംരംഭകവികസനം, സാമ്പത്തികശാക്തീകരണം എന്നിവയ്ക്കുള്ള പ്രായോഗികമാര്ഗമായി സഹകരണസംരംഭകത്വത്തെ പ്രയോജനപ്പെടുത്താന്‍ മെന്ററിംഗ് സെഷനുകള്‍ പങ്കാളികള്‍ക്കു വളരെ പ്രയോജനമായെന്നു സമ്മേളനം വിലയിരുത്തി.















