വടകര: ഒഞ്ചിയം മാടാക്കര പള്ളിയില്‍ വിശ്വാസികള്‍ക്കിടയിലുണ്ടായ അഭിപ്രായം വത്യാസം രമ്യമായി പരിഹരിക്കുന്നതിനു പകരം ലാത്തിച്ചാര്‍ജ് നടത്തിയ ചോമ്പാല സിഐ
ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് റൂറല്‍ എസ്പിക്ക് പരാതി നല്കി. പള്ളിക്കുള്ളില്‍ കുറച്ചുപേര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായപ്പോള്‍ പ്രശ്നങ്ങളില്‍ ഇല്ലാത്ത വിശ്വാസികള്‍ക്ക് പോലും പോലീസ് മര്‍ദനമേറ്റത് ഗൗരവകരമാണ്. ആരാധനാലയത്തില്‍ പോലീസിന്റെ നേതൃത്വത്തില്‍ ക്രൂരമായ ലാത്തിച്ചാര്‍ജാണ് നടന്നത്. ആരാധന നിര്‍വഹിക്കുന്ന അകം പള്ളിയില്‍ വരെ ബൂട്ടിട്ട് പ്രവേശിച്ച് നിരപരാധികളായ വിശ്വാസികളെയടക്കം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, നേതാക്കളായ ശുഹൈബ് കുന്നത്ത്, അഫ്നാസ് ചോറോട്, അന്‍സീര്‍ പനോളി, ജാസിം പണിക്കോട്ടി, യു.അജ്നാസ്, യൂനുസ് ആവിക്കല്‍, സഫീര്‍.കെ.കെ എന്നിവരുടെ നേതൃത്വത്തിലാണ് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ അറിയിച്ചു.















