കോഴിക്കോട്: ദേശീയപാതകളുടെ മധ്യത്തില്‍ നിന്ന് ഇരു വശത്തേക്കും 40 മീറ്ററിനുള്ളില്‍ പാര്‍പ്പിട ആവശ്യത്തിനും 75 മീറ്ററിനുള്ളില്‍ വാണിജ്യ ആവശ്യത്തിനും ഭൂമിയുടെ ഉപയോഗം
വിലക്കുന്ന സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാര്‍ എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അശാസ്ത്രീയവും അപ്രായോഗികവും ജനവിരുദ്ധവുമായ ഇടക്കാല ഉത്തരവ് നടപ്പാക്കിയാല്‍ സംസ്ഥാനത്ത് വന്‍ സാമൂഹിക ദുരന്തത്തിനും വികസന മുരടിപ്പിനും ഇടയാക്കും. ദേശീയ പാതകളുടെ വശങ്ങളില്‍ താമസിക്കുന്നവരെയും വ്യാപാരം, വ്യവസായം ആരാധനാലയങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങി സര്‍വ മേഖലകളുടെയും പ്രവര്‍ത്തനം അവതാളത്തിലാക്കുന്ന ഉത്തരവാണ് കോടതിയുടേത്. കേരളത്തിലെ വാസയോഗ്യമായ ഭൂമിയുടെ കുറവ്, ദേശീയ ശരാശരിയുടെ ഇരട്ടി ജനസംഖ്യ, പാതയോരങ്ങളിലെ ഭീമമായ കെട്ടിട സാന്ദ്രത എന്നിവ കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയപാതയുടെ വീതി 60 ല്‍ നിന്ന് 45 ആയി കുറച്ചത്. ഇത് 150 മീറ്ററാക്കി വര്‍ധിപ്പിക്കുന്നതിന് തുല്യമായ കോടതി വിധി
ജനാധിപത്യവിരുദ്ധമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചേന്ദാമ്പിള്ളി ഉദ്ഘാടനം ചെയ്തു. ടി.കെ.സുധീര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ആന്‍ കുഞ്ഞാലന്‍ ഹാജി, സി.കെ.ശിവദാസന്‍ എ.ടി.മഹേഷ്, കെ.വി.സത്യന്‍, കെ.കെ.ഹംസക്കുട്ടി, പ്രദീപ് ചോമ്പാല, അനൂപ് ജോണ്‍, കെ.പി.എ.വഹാബ്, സി.ഷറഫുദ്ദീന്‍, ഷാഫി എട്ടുവീട്ടില്‍, കെ.കെ.സുരേന്ദ്രന്‍, സി.വി.ബോസ്, കെ.എസ്.സക്കരിയ, കുഞ്ഞുമോന്‍ ഐങ്കലം, ടി.പി.അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.















