തലശേരി: വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് പക്ഷത്ത് പാറപോലെ ഉറച്ചുനില്‍ക്കുന്ന അസംബ്ലി മണ്ഡലമാണ് തലശേരി. മറ്റ് മണ്ഡലങ്ങളെല്ലാം യുഡിഎഫിനൊപ്പം നിന്ന 2019 ലെ തെരഞ്ഞെടുപ്പിലും തലശേരിയില്‍ ആധിപത്യം എല്‍ഡിഎഫിനായിരുന്നു. ഈ തലവര മാറ്റിയെഴുതാനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെയും കൂട്ടരുടെയും ശ്രമം. ഇതിന്റെ ഭാഗമായി കൊണ്ടുപിടിച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
ഇന്ന് തലശേരിയിലെത്തിയ ഷാഫിക്കു തലശേരി നഗരത്തില്‍ ഉശിരന്‍ സ്വീകരണം ലഭിച്ചു. ട്രാക്സ്യൂട്ടും ടീഷര്‍ട്ടുമണിഞ്ഞ് അതിരാവിലെ നാരങ്ങാപുറം മാര്‍ക്കറ്റില്‍ എത്തിയ ഷാഫിയെ വോട്ടര്‍മാര്‍ നെഞ്ചേറ്റി. പച്ചക്കറി മാര്‍ക്കറ്റ്, ഓട്ടോ സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, ഷോപ്പിങ് കോംപ്ലക്സുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഷാഫി വോട്ടുതേടി ഇറങ്ങിയത്.
ആറു മണിക്കേു തന്നെ ഷാഫിയുടെ പര്യടനം ആരംഭിച്ചിരുന്നു. മാര്‍ക്കറ്റിലെ തൊഴിലാളികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, ബസ് യാത്രക്കാര്‍, കച്ചവടക്കാര്‍ തുടങ്ങി പരമാവധി പേരെ അദ്ദേഹം നേരില്‍കണ്ടു. നാട്ടുകാരോട് കുശലം പറഞ്ഞു വോട്ട് ചോദിച്ചു നാലു മണിക്കൂറോളം അദ്ദേഹം ബസ് സ്റ്റാന്റ് പരിസരത്ത് ചെലവഴിച്ചു.
ഡിസിസി സെക്രട്ടറി അഡ്വ കെ ശുഹൈബ്, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ലത്തീഫ്, തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.പി അരവിന്ദാക്ഷന്, ഡിസിസി സെക്രട്ടറി അബൂട്ടി ഹാജി, സജീവ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.