വടകര: കത്തിക്കാളുന്ന ചൂടാണെങ്കിലും തളരാത്ത മനസുമായാണ് കെ.കെ.ശൈലജ എത്തുന്നത്. ഹൃദയത്തില്‍ ചേര്‍ത്ത്കൊണ്ട് ആളുകള്‍ ടീച്ചറെ വരവേല്‍ക്കുകയാണ്. കൈ പിടിച്ചുകുലുക്കിയും തലയില്‍ കൈവെച്ചും സെല്‍ഫിയെടുത്തും എങ്ങും സ്നേഹാദരവ്.
കുഞ്ഞിപ്പളളിയിലെ കേരള ഹാന്റ്ലൂം വീഴേസ് ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റിയിലെ തൊഴിലാളികള്‍ മുദ്രാവാക്യം വിളികളോടെയാണ് കെ.കെ.ശൈലജയെ എതിരേറ്റത്. എഴുപതോളം പേര് പണിയെടുക്കുന്ന നെയ്ത്ത് ശാലയിലെ സന്ദര്‍ശനം ആവേശമായി. ‘പരമ്പരാഗത നെയ്ത്ത് മേഖല ഉള്‍പ്പെടെ പ്രതിസന്ധിയിലായതിന്റെ കാരണം, കേന്ദ്രം തരാനുള്ള നികുതി വിഹിതം കിട്ടാത്തതാണന്ന് നമുക്കറിയാം. കേരളത്തെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം. ഇതിനെതിരെയുള്ള പോരാട്ടത്തില്‍ നിന്നു കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നു എന്നതാണ് നമ്മുടെ മുന്നിലെ യാഥാര്‍ഥ്യം. എന്നാല്‍ ഇതൊക്കെ മറികടക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് നമുക്ക്. വിജയിച്ച് എംപി ആയാല്‍ ടെക്സ്റ്റയില്‍സ് വകുപ്പ് മുഖേന നെയ്ത്ത് രംഗത്ത് കയറ്റുമതി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കൊണ്ടുവരാന്‍ പരിശ്രമിക്കും. വിജയ പ്രതീക്ഷയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കൈയ്യടി.
കുഞ്ഞിപ്പള്ളിയിലെ എസ്എംഐ കോളജില്‍ വോട്ട് അഭ്യര്‍ഥിച്ചെത്തിയ കെ.കെ.ശൈലജയെ വിദ്യാര്‍ഥികളും അധ്യാപകരും വരവേറ്റു. ചുവന്ന മാല യണിയിച്ച് സാനിയയും കൂട്ടുകാരികളും ടീച്ചറെ ക്ലാസ് മുറികളിലേക്ക് ക്ഷണിച്ചു കൊണ്ടുപോയി. കന്നിവോട്ട് ടീച്ചര്‍ക്ക് തന്നെയെന്ന് സെല്‍ഫിയെടുക്കവെ പലരും പറഞ്ഞു. തൊട്ടടുത്ത ചോമ്പാലിലെ സിഎസ്ഐ കോളജില്‍ ആര്യയുടെ നേതൃത്വത്തില്‍ ടീച്ചര്‍ക്ക് സ്നേഹ സ്വീകരണമൊരുക്കി.’ നാടിന്റെ ജീവല്‍ പ്രശ്നങ്ങളില്‍ മുന്‍കാലങ്ങളിലെ തന്റെ സാന്നിധ്യം നിങ്ങള്‍ക്കറിയാം. മതം, ജാതി, രാഷ്ടീയം ഇതിനെല്ലാമപ്പുറം എന്നും നിങ്ങളോടൊപ്പമുണ്ടാകുമെന്ന് ടീച്ചറുടെ ഉറപ്പ്. രക്തസാക്ഷി പി.കെ.രമേശന്റെ കല്ലാമലയിലെ ബലികുടീരത്തില്‍ പൂക്കളര്പ്പിക്കാനെത്തിയത് ആവേശം ജ്വലിച്ചുനിന്നു. രമേശന്റെ സഹോദരന് ചന്ദ്രന്റെ ഭാര്യ ഗീതയോടും കുടുംബാംഗങ്ങളോടും വിശേഷങ്ങള്‍ ആരാഞ്ഞ് മടങ്ങവെ അയല്‍വാസി വീട്ടമ്മ പത്മിനി സ്ഥാനാര്‍ഥിയുടെ കൈ പിടിച്ചു പറഞ്ഞു. ‘ഇക്കുറി എന്റെ വോട്ട് ടീച്ചര്‍ക്ക് തന്നെ ‘ സിപിഎം ഏരിയാ സെക്രട്ടറിയായിരുന്ന അന്തരിച്ച ഇഎം ദയാനന്ദന്റെ കുടുംബത്തെ സന്ദര്‍ശിച്ച്, അമ്മ കൗസല്യയെയും ഭാര്യ സീതയെയും ടീച്ചര്‍ സമാശ്വസിപ്പിച്ചു.
അഭിഭാഷകരുടെ അഭിവാദ്യങ്ങളേറ്റ് വാങ്ങിയാണ് വടകരയിലെ കോടതി സന്ദര്‍ശനം. ബാര്‍ അസോസിയേഷന് പ്രസിഡന്റ് കെ.എം.രാംദാസ്, ലോയേഴ്സ് യൂണിയന് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഇ.കെ.നാരായണന് തുടങ്ങിയവര്‍ ബൊക്ക നല്കി സ്വീകരിച്ചു. അഭിഭാഷകരെയും ഗുമസ്തന്മാരെയും ജീവനക്കാരെയും കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. കോടതി വളപ്പിലെത്തിയവരോട് കുശലാന്വേഷണവും വോട്ടഭ്യര്‍ഥനയുമായി ടീച്ചര്‍ സജീവം. സ്ഥാനാര്‍ഥിയോടൊപ്പം മുന്നണി നേതാക്കളായ ടി.പി.ബിനീഷ്, ആര്.സത്യന്, എ.ടി.ശ്രീധരന്, സി.വിനോദ്, ടി.എന്‍.കെ.ശശീന്ദ്രന്, പ്രസാദ് വിലങ്ങില്‍, പി. സത്യനാഥന് തുടങ്ങിയവരും ഒപ്പമുണ്ടായി.