തലശേരി: വ്യാജമായി തയാറാക്കിയ ചിത്രം ഉപയോഗിച്ച് യുഡിഎഫ് സൈബര്‍ സംഘം നടത്തുന്ന അപവാദ പ്രചാരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഖാദി ബോര്‍ഡ് വൈസ്ചെയര്‍മാനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.ജയരാജന് ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്കി. 2017 സെപ്തംബര്‍ 7ന് പത്തനംതിട്ട പെരുനാട് പൊതുപരിപാടിയില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ഫോട്ടോയിലുണ്ടായിരുന്ന സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന് കെ തൊമസിന്റെ ഫോട്ടോ വെട്ടിമാറ്റി പാലത്തായി
പീഡനകേസ് പ്രതിയായ ബിജെപി നേതാവിന്റെ ചിത്രം ചേര്‍ത്താണ് കള്ളക്കഥ പ്രചരിപ്പിക്കുന്നത്. വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എന്നെയും വ്യക്തിപരമായി അധിക്ഷേപിക്കാനും വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനുമാണ് മോര്‍ഫ് ചെയ്തചിത്രം ഉപയോഗിച്ച് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിത്. കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വ്യാജ ചിത്രവും ഒറിജിനല്‍ ഫോട്ടോയുമടക്കം പരാതിക്കൊപ്പം നല്കി.