വടകര: എൻഡിഎ വടകര ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനും റോഡ് ഷോയും 20 ന് നടക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 4 മണിക്ക് വടകര ടൗൺ ഹാളിൽ നടക്കുന്ന കൺവൻഷൻ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ പ്രകാശ് ജാവദേക്കർ ഉദ്ഘാടനം ചെയ്യും. മുഖ്യതിഥികളായി സി.കെ.പദ്മനാഭൻ, പത്മജ വേണുഗോപാൽ എന്നിവർ പങ്കെടുക്കും. അന്ന് തന്നെ വൈകുന്നേരം മൂന്നു മണിക്ക് പുതിയ ബസ് സ്റ്റാൻറിൽ നിന്നു എൻഡിഎ സ്ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണൻ പങ്കെടുക്കുന്ന റോഡ് ഷോയും ഉണ്ടാകും. വികസിത രാജ്യങ്ങൾ പോലും അസൂയയോടെ
നോക്കി കാണുന്ന ഭാരതത്തിന്റെ വികസന വിപ്ലവത്തിന്റെ പ്രയോജനം വടകരക്കുവേണ്ടി നേടിയെടുക്കാനോ പ്രാവർത്തികമാക്കാനോ മുൻ കാലങ്ങളിൽ വടകരയെ പ്രതിനിധീകരിച്ചവർക്ക് കഴിഞ്ഞിട്ടില്ലെന്നു നേതാക്കൾ പറഞ്ഞു.
മോദിസർക്കാർ ദേശീയ തലത്തിൽ കൈവരിച്ച സമഗ്ര വികസനത്തിന്റെ പ്രയോജനം വടകരയ്ക്കും പൂർണമായി ലഭിക്കണം. വടകരയിലെ വികസന മുരടിപ്പിന് ശാശ്വത പരിഹാരം കാണാൻ എൻഡിഎ സ്ഥാനാർഥി സി.ആർ പ്രഫുൽ കൃഷ്ണൻ
തെരഞ്ഞെടുക്കപ്പെടണമെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ എൻഡിഎ വടകര പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും ബിജെപി ദേശീയ സമിതി അംഗവുമായ കെ.പി ശ്രീശൻ, ബിജെപി കണ്ണൂർ ജില്ലാ പ്രസിഡൻറ് എൻ.ഹരിദാസ്, ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.മനീഷ്, കാമരാജ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാളിയത്ത്, രാജൻ ചൈത്രം എന്നിവർ പങ്കെടുത്തു.