വടകര: വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ആദിവാസി കോളനികളിലെ യുവാക്കൾക്കുവേണ്ടി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് – വോളീ ഫെസ്റ്റ് 2024 ഏകദിന വോളീബോൾ ടൂർണമെൻ്റ് നടത്തി. കായികവിനോദങ്ങളെ പുണരൂ ലഹരി വസ്തുക്കളിൽ നിന്ന് മുക്തി നേടു എന്ന സന്ദേശവുമായി ഗ്രാമിക യൂത്ത് ക്ലബ് മാടാഞ്ചേരിയുടെ സഹകരണത്തോടെയാണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്. ടൂർണമെൻ്റ് കോഴിക്കോട് ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ ഐ പി എസ് ഉദ്ഘാടനം ചെയ്തു. വളയം പോലീസ്
സ്റ്റേഷൻ ഇൻസ്പെക്ടർ അജിത് അധ്യക്ഷത വഹിച്ചു. സുരേഷ്ബാബു എ എസ് ഐ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഴിക്കോട് റൂറൽ എ എസ് പി അങ്കിത് സിംഗ് ഐ പി എസ് ആശംസ നേർന്നു. വളയം എസ് ഐ വിനീത് വിജയൻ, ശ്രീകുമാർ എസ് ഐ, ഊരുമൂപ്പത്തി പ്രിൻസി, എ എസ് ഐ മാരായ അജിത്കുമാർ, കൃഷ്ണകുമാർ, ഭാസ്കരൻ, സ്കറിയ തോമസ്, അബ്ദുൾ റഹീം, സിനു (SCPO) എന്നിവരും സന്നിഹിതരായിരുന്നു. വളയം മേഖലയിലെ മാടാഞ്ചേരി, ചിറ്റാരി, വായാട്, പന്നിയേരി, ഉരുട്ടി, കണ്ടിവാതുക്കൽ എന്നീ കോളനികൾക്ക് പുറമേ സമീപ
പ്രദേശമായ കണ്ണൂർ ജില്ലയിലെ പറക്കാട്, കൊളപ്പ എന്നീ കോളനികളിൽ നിന്നുമായി 8 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ടൂർണമെൻ്റിൽ കൊളപ്പ ടീം ജേതാക്കളായപ്പോൾ ചിറ്റാരി ടീം റണ്ണേഴ്സ് അപ്പ് ട്രോഫി കരസ്ഥമാക്കി. മത്സരങ്ങൾക്ക് ശേഷം ജേതാക്കളും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് വോളീബോൾ ടീമും തമ്മിൽ സൗഹൃദ മത്സരവും അരങ്ങേറി.