ഇടുക്കി: ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ എസ്.രാജേന്ദ്രന് പങ്കെടുത്തു. ഇതോടെയാണ് ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും വിരാമമാകുന്നത്. മൂന്നാറില്‍ എല്‍ഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ എസ് രാജേന്ദ്രന് പങ്കെടുക്കുകയും ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണരംഗത്ത് സജീവമാകാനും തീരുമാനിച്ചതായാണ് സൂചന. ഇന്നലെ ഇടുക്കിയിലെ മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എം.എം.മണിയും, സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസും രാജേന്ദ്രനുമായി വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി
പരിപാടിയില്‍ എസ്.രാജേന്ദ്രന് പങ്കെടുക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോകണമെങ്കില്‍ ചില നിബന്ധനകള്‍ എസ്.രാജേന്ദ്രന് നേരത്തെ മുന്നോട്ടുവച്ചിരുന്നു. പ്രാദേശിക നേതൃസ്ഥാനം അടക്കമാണ് രാജേന്ദ്രന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ നിബന്ധനകളില്‍ എന്തെല്ലാം ധാരണ ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമല്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.രാജയ്ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് എന്ന സൂചന എസ്. രാജേന്ദ്രന് തന്നെ നല്‍കുകയായിരുന്നു. ഇതോടെയാണ് ഇദ്ദേഹവുമായി ചര്‍ച്ചയ്ക്ക് പാര്‍ട്ടി തയ്യാറായത്.