തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണം നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സൂചന. മുഖ്യമന്ത്രിയും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമെന്നാണ് വിവരം. മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് ഓള് കേരള ഡ്രൈവിംഗ് സ്കൂള്‍ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) 20ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമരം മാറ്റിയതായി പ്രസിഡന്റ് കെ.കെ. ദിവാകരന് അറിയിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദേശം തങ്ങള്‍ക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മേയ് ഒന്നു മുതല്‍ ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരാനാണ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉത്തരവിട്ടത്. ആന്റണി രാജുവിനു പകരം ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ പ്രഖ്യാപിച്ച ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം വലിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരുന്നു.
ഡ്രൈവിംഗ് ടെസ്റ്റ് ഒരു ദിവസം 50 പേര്‍ക്കു നടത്തിയാല്‍ മതിയെന്ന നിര്‍ദേശം വ്യാപക പ്രതിഷേധത്തിനു ഇടയാക്കി. ടെസ്റ്റിങ് ഗ്രൗണ്ടുകളൊരുക്കാന് ഡ്രൈവിങ് സ്കൂളുകാരോട് നിര്‍ദേശിച്ചു. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിരീക്ഷണ ക്യാമറയും ജിപിഎസും ഘടിപ്പിക്കാനും ആവശ്യപ്പെട്ടു. ഇതിനെതിരെ സിഐടിയു ഉള്‍പ്പെടെ സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു.