തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ ബിജെപിയിലേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ പോക്ക് തുടരുന്നു. കോണ്‍ഗ്രസ് നേതാവും സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ്, മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയിലേക്ക് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അംഗത്വമെടുക്കുമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്
വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കളുടെയും ബിജെപി പ്രവേശനം.
കെപിസിസി കായിക വേദിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റാണ് പദ്മിനി. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന തമ്പാനൂര്‍ സതീഷ് കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു. ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് കെ സുരേന്ദ്രനൊപ്പം എത്തിയപ്പോഴാണ് ഇദ്ദേഹം ബിജെപിയില്‍ ചേരുകയാണെന്ന് വ്യക്തമായത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് പത്മിനി തോമസ് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയത്.