
വടകര: കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ കേസില്‍ പ്രതിയായ കെഎസ്യു നേതാവ് ബിതുല്‍ ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തെ ഷാഫി പറമ്പില്‍ എംപി അപലപിച്ചു. ബോംബെറിഞ്ഞതിന് പിന്നില്‍ സിപിഎം
ആണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഇതും രക്ഷാപ്രവര്‍ത്തന ദൗത്യത്തിന്റെ പട്ടികയില്‍ വരുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തോടന്നൂരിലെ ബിതുല്‍ ബാലന്റെ വീട് സന്ദര്‍ശിച്ച ശേഷം ഷാഫി പറമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തിന്റെ ആഭ്യന്തര മന്ത്രി പദവിയില്‍ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി കൊടുത്ത പ്രോത്സാഹനമാണ് ഈ അക്രമ പരമ്പരകള്‍ക്ക് കാരണമെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. ബിതുലിനെതിരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഫേസ്ബുക്കില്‍ വരുന്ന പോസ്റ്റ്
ആദരാഞ്ജലികള്‍ നേര്‍ന്നാണ്. ഒരു കരിങ്കൊടി പ്രതിഷേധം നടത്തിയതിന്റെ പേരിലാണോ ഇതൊക്കെയെന്ന് ഷാഫി ചോദിച്ചു. മനുഷ്യന്റെ കൈയും ജീവനും നഷ്ടപ്പെടുന്ന വകുപ്പിന്റെ അനാസ്ഥക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് സൈബര്‍ സഖാക്കള്‍ പച്ചക്ക് ഭീഷണിപ്പെടുത്തുകയാണ്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന കെഎസ്യു പ്രതിഷേധത്തില്‍ പ്രവര്‍ത്തകരുടെ ഒരു നിഴല്‍പോലും മന്ത്രിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്ന് ആര്‍പിഎഫ് പരിശോധിച്ച ക്യാമറകളിലും കേരളത്തിലെ മുഴുവന്‍ ചാനലുകളിലെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
മന്ത്രിയുടെ ഈ കള്ളപ്രചരണമാണ് പുലര്‍ച്ചെ ബിതുലിന്റെ വീട്ടില്‍ നടന്ന ബോംബേറിന് കാരണമായത്. അക്രമം നടക്കുമ്പോള്‍ വീട്ടില്‍ കിടന്നുറങ്ങിയിരുന്ന ബിതുലിന്റെ അമ്മയോട് ആരോഗ്യമന്ത്രിയ്ക്ക് എന്താണ് പറയാനുള്ളത്? മുദ്രാവാക്യം വിളികേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ഉളുക്കിയ കഴുത്തിന്റെ വേദന ഇത്ര അസഹനീയമായിരുന്നുവെങ്കില്‍ ഉഷ എന്ന സഹോദരി വയറിനകത്ത് കത്രിക വര്‍ഷങ്ങളോളം കൊണ്ടുനടന്നപ്പോള്‍ അനുഭവിച്ച വേദന ഊഹിക്കാന്‍ ആരോഗ്യമന്ത്രിയ്ക്ക് സാധിക്കുന്നുണ്ടോ? നാലാം ക്ലാസ്സുകാരിയായ വിനോദിനിയുടെ വേദന എന്താണെന്ന് മനസ്സിലാക്കാന്‍ മന്ത്രിയ്ക്ക് സാധിക്കുന്നുണ്ടോ ഷാഫി പറമ്പില്‍ ചോദിച്ചു.
















