തിരുവനന്തപുരം: മഴക്കെടുതിയില്‍പെട്ട് ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലും യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് കുറ്റകരമായ അനാസ്ഥയും
ഏകോപനമില്ലായ്മയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ജനങ്ങളുടെ ജീവനുപോലും ഭീഷണിയാകുന്ന തരത്തില്‍ മഴക്കെടുതികളുണ്ടായ സാഹചര്യത്തിലും മുഖ്യമന്ത്രി വി ഡി സതീശന്റെ ശ്രദ്ധ വിരുന്ന് സല്‍ക്കാരത്തില്‍ മാത്രമായിരുന്നെന്നും എം.വി.ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ചെറിയ വീഴ്ചകള്‍ക്ക് പോലും വലിയ വില കൊടുക്കേണ്ടിവരുന്ന നിര്‍ണായക സന്ദര്‍ഭത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു
നിന്നുണ്ടാകുന്ന അനാസ്ഥയും ഏകോപനമില്ലായ്മയും ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ജനങ്ങളുടെ ജീവന്റെ കാര്യമാണിത്. മുഖ്യമന്ത്രി പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുക്കുമ്പോള്‍ തൊട്ടപ്പുറം ജനങ്ങള്‍ പ്രാണഭയത്തിലായിരുന്നു. മഴ മുന്നറിയിപ്പ് നല്‍കുന്നതിലും ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലും ഗുരുതരമായ പാളിച്ച പറ്റിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഏറ്റവും കൂടുതല്‍ മഴപെയ്ത പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കഴിഞ്ഞ ദിവസം രാവിലെ വരെ ഓറഞ്ച് അലര്‍ട്ട് മാത്രമാണുണ്ടായിരുന്നത്. റെഡ്
അലര്‍ട്ട് പ്രഖ്യാപിക്കുമ്പോഴേക്കും പല പ്രദേശങ്ങളും വെള്ളത്തിലായിരുന്നുവെന്നത് കെടുകാര്യസ്ഥതയുടെ തെളിവാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ തന്നെ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്. എന്നാല്‍, ജനങ്ങളെ സുരക്ഷിതമായ സ്ഥലത്ത് മാറ്റിപ്പാര്‍പ്പിക്കുന്നതിനും അപകട സാധ്യതാ മേഖലയില്‍ നിന്നും ഒഴിപ്പിക്കുന്നതിനും ഒരു നടപടിയും സ്വീകരിച്ചില്ല-എം.വി.ഗോവന്ദന്‍ പറഞ്ഞു.
















