
കൊയിലാണ്ടി: കലി തുള്ളിയ കാലവര്‍ഷത്തില്‍ ദുരിതം തുടരുന്നു. മഴ മാറിയത് ആശ്വാസമായി. കൊയിലാണ്ടിയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നാല്
കുടുംബങ്ങളിലെ പത്ത് അംഗങ്ങളാണ് ക്യാമ്പില്‍. കൊയിലാണ്ടി ബപ്പന്‍കാട് കോളനിയിലെ പത്ത് വീടുകള്‍ വെള്ളത്തിലായി. ഇവിടുത്തെ കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി. അമ്പാടി
റോഡും വെള്ളത്തിലായി. ചെങ്ങോട്ടുകാവിലെ വെങ്കറോളി താഴ നിരവധി വീടുകളില്‍ വെളളം കയറി. വിയ്യൂരില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി.
കക്കുളം പാടശേഖരത്തിലെ ഷട്ടര്‍ കൊയിലാണ്ടി അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തുറന്നതോടെ വെള്ളം ഇറങ്ങിയത് ബപ്പന്‍ കാട് ഐച്ച്ആര്‍ഡി കോളനിക്ക്
ആശ്വാസമായി. എല്ലാ വര്‍ഷവും വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണിത്. വെള്ളം ഒഴുകാനുള്ള വഴികള്‍ അടഞ്ഞതാണ് വെളളക്കെട്ടിനു കാരണം.
ഇതോടൊപ്പം കാപ്പാട് കടല്‍ ക്ഷോഭം രൂക്ഷമായത് മറ്റൊരു ദുരിതമായി. തീരദേശറോഡ് കടലെടുത്തു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കാപ്പാട് തീരം കടലെടുത്തത്. ചേമഞ്ചേരിയിലും മേലൂര്‍ ആന്തട്ടയിലും കിണറുകള്‍ താഴ്ന്നു. ചേമഞ്ചേരി ഒന്നാം വാര്‍ഡില്‍ വയലാട്ട് മീത്തല്‍ ഭാസ്‌കരന്റെ വീട്ടു കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ആന്തട്ടയില്‍
കൊളാറക്കണ്ടി സരസയുടെ വീട്ടു കിണറും ഇടിഞ്ഞു താണു. രണ്ടു വീട്ടുകാരും കുടിവെള്ളത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടിലായി.
-സുധീര്‍ കൊരയങ്ങാട്















