വട്ടോളി: കുന്നുമ്മല്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ പ്രൈമറി വിദ്യാലയമായ വട്ടോളി ഗവ.യുപി സ്കൂള്‍ 99 -ാം വയസിന്റെ നിറവില്‍. ഉണിയാര്ക്കണ്ടി സ്കൂള്‍ എന്നാണ് നേരത്തെ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. വടകര-കുറ്റ്യാടി റോഡിന് സമീപത്തെ ഉണിയാര്ക്കണ്ടി പറമ്പിലായിരുന്ന സ്കൂള്‍ സ്ഥിതി ചെയ്തിരുന്നത്.
ഭൗതിക സാഹചര്യത്തില്‍ ഏറെ പിന്നിലായിരുന്ന ഈ സ്കൂളിന് സര്‍ക്കാര്‍ ഫണ്ട് ലഭിച്ചതോടെ സൗകര്യപ്രദവും സുന്ദരവുമായ കെട്ടിടങ്ങളും ക്ലാസ് മുറികളും ഉയര്‍ന്നു. ഒപ്പം കലാ, കായിക, ശാസ്ത്രമേഖലയിലും ശ്രദ്ധേയ മുന്നേറ്റം കൈവരിക്കാന്‍ സ്കൂളിന് കഴിഞ്ഞു.
പഴയ സര്‍ക്കാര്‍ സ്കൂളുകള്‍ അനുഭവിച്ച എല്ലാ ശോച്യാവസ്ഥയും വട്ടോളി ഗവ.യുപിയും അനുഭവിച്ചിരുന്നു. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും ഇടപെടല്‍ ഈ ശോച്യാവസ്ഥയില്‍ നിന്ന് കരകയറാന്‍ വഴിയൊരുക്കി.
99 -ാം പിറന്നാള്‍ ആഘോഷിക്കുന്ന സ്കൂളിന്റ രണ്ട് ദിവസം നീളുന്ന പരിപാടികള്‍ക്ക് നാളെ തുടക്കം കുറിക്കുകയാണ്. ഒപ്പം വിരമിക്കുന്ന പ്രധാനദ്ധ്യാപിക എന്‍.റംല, രമേശ് ബാബു കാക്കന്നൂര് എന്നിവര്‍ക്കുള്ള യാത്രയയപ്പും നടക്കും. സംസ്കാരിക സായാഹ്നം, അനുമോദന സദസ്, കലാ വിരുന്ന്, കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാവിരുന്ന് എന്നിവ നടക്കും. ഇതുവരെ നേടിയത് മുറുകെ പിടിച്ചു കൂടുതല്‍ കരുത്തോടെ ശതാബ്ദിയിലേക്ക് നീങ്ങുകയാണ് വട്ടോളി ഗവ. യുപി.
-ആനന്ദന് എലിയാറ