
വടകര: സിപിഐ (എംഎല്) റെഡ് സ്റ്റാര്‍ സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 15, 16, 17 തീയതികളില്‍ വടകര ടൗണ്‍ ഹാളില്‍ (കൃഷ്ണപിള്ള നഗര്‍) നടക്കുമെന്ന് സംഘാടകര്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെപ്തംബര്‍ 16 മുതല്‍ 20 വരെ കര്‍ണാടകയിലെ റായ്ച്ചൂരില്‍ നടക്കുന്ന 13-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായാണ് സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നത്.
നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം ഓഗസ്റ്റ് 15-ന് വൈകീട്ട് 4 മണിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്യും. ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍, നവലിബറലിസം, കോര്‍പ്പറേറ്റ്വത്കരണം സൃഷ്ടിച്ച ചൂഷണം, സാമ്രാജ്യത്വ യുദ്ധങ്ങള്‍, ഇന്ത്യയില്‍ ശക്തി പ്രാപിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ തുടങ്ങിയ വിഷയാധിഷ്ഠിത പശ്ചാത്തലത്തിലാണ് സമ്മേളനം ചേരുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി 16-ന് വൈകീട്ട് 4 മണിക്ക് ‘ആര്‍എസ്എസ് ഫാസിസത്തിന്റെ
പ്രത്യയശാസ്ത്ര മാനങ്ങള്‍: ഇസ്ലാമോഫോബിയയും ജാതിയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ. പി.ജെ. ജെയിംസ്, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഡോ. സ്മിത പി. കുമാര്‍, കെ. അംബുജാക്ഷന്, റസാക് പാലേരി തുടങ്ങിയവര്‍ പങ്കെടുക്കും.
സമ്മേളനത്തില്‍ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്, പാര്‍ട്ടി പരിപാടിയിലെ ഭേദഗതി, രാഷ്ട്രീയ പ്രമേയങ്ങള്‍ എന്നിവയിലെ ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ.ബാബുരാജ്, വി.എ.ബാലകൃഷ്ണന്, വേണുഗോപാലന്‍ കുനിയില്‍, ശ്രീജിത്ത് ഒഞ്ചിയം എന്നിവര്‍ പങ്കെടുത്തു.
















