കോതമംഗലം: കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴല്നാടന് എംഎല്‍എയേയും പോലീസ് രാത്രി വൈകി അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് വെളുപ്പിന് ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും കടുത്ത പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ്.
കാട്ടാന ആക്രണത്തില്‍ വീട്ടമ്മ ഇന്ദിര മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കോതമംഗലത്തെ സമരപ്പന്തലിലുണ്ടായിരുന്ന മുഹമ്മദ് ഷിയാസ് സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണു പോലീസ് അറസ്റ്റ് ചെയ്തത്. ബലംപ്രയോഗിച്ച് മിന്നല്‍ വേഗത്തില്‍ ഷിയാസിനെ ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ പോലീസ് ലാത്തി വീശി. രോഷാകുലരായ പ്രവര്‍ത്തകര്‍ പോലീസ് വാഹനം തകര്‍ത്തു. പോലീസിന്റെ ജീപ്പും ബസിന്റെ ചില്ലും തകര്‍ത്തു. കസേരകളും കല്ലും വടിയും പോലീസുകാര്‍ക്ക് നേരെ വലിച്ചെറിഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുത്ത 14 കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായി. തുടര്‍ന്നു സമരപ്പന്തലിലുണ്ടായിരുന്ന മാത്യു കുഴല്‍നാടനെയും അറസ്റ്റ് ചെയ്തു
ആശുപത്രിയില്‍ അക്രമണം നടത്തി, മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
റോഡ് ഉപരോധിച്ചതില്‍ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്നാടന് എംഎല്‍എ, ഷിബു തെക്കുംപുറം എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി ആക്ടും അന്യായമായി സംഘം ചേരുക, കലാപത്തിന് ശ്രമിക്കുക അടക്കമുളള വകുപ്പുകളും ചുമത്തി. നാലു മണിക്കൂറിലേറെ കഴിഞ്ഞ് നേതാക്കളെ കോതമംഗലം മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കി. അര മണിക്കൂറിലേറെ നീണ്ട വാദങ്ങള്‍ക്ക് ഒടുവില്‍ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
ജനപ്രതിനിധികളുടെയോ പ്രവര്‍ത്തകരുടെയോ ദേഹത്ത് ഒരു നുള്ള് മണ്ണ് വീണാല്‍ നമുക്ക് കാണാമെന്നു വി.ഡി.സതീശന് പറഞ്ഞു. സമരം അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് നോക്കുകയാണ്. എറണാകുളത്ത് എന്താ സംഭവിക്കുന്നതെന്ന് രാവിലെ കാണാം. സമാധാനപരമായിട്ടാണ് സമരം നടക്കുന്നത്. അതില്‍ നിന്നും മാറ്റാന്‍ നോക്കേണ്ട. സമരങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും സതീശന് പറഞ്ഞു. പൊലീസിനെതിരെ മുദ്രാവാക്യവുമായി എറണാകുളം ഡിസിസി ഇന്നു പുലര്‍ച്ചെ പ്രതിഷേധ മാര്‍ച്ച് നടത്തി.